
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ തുടര്‍ച്ചയായി അവഗണിക്കുന്നതിലും, വെറുമൊരു 'വൈറ്റ് ബോൾ' കളിക്കാരനായി മാത്രം പരിഗണിക്കുന്നതിലും വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വരാനിരിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഒരു ഫോർമാറ്റിലും റിങ്കു സിങ്ങിനെ ഉൾപ്പെടുത്താതിരുന്ന പശ്ചാത്തലത്തിലാണ് ചോപ്ര സെലക്ടർമാരുടെ നിലപാടിനെതിരെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും റിങ്കുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് നീതികേടാണെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ റിങ്കു ഇനി എത്ര റൺസടിക്കണമെന്ന് ചോപ്ര ചോദിച്ചു. തന്റെ അവസാന ആറ് ഇന്നിംഗ്സുകളിൽ നിന്ന് നാല് സെഞ്ചുറികൾ നേടിയ റിങ്കു, ഒരു മത്സരത്തിൽ ടീം മുഴുവൻ പുറത്തായപ്പോഴും ഒറ്റയ്ക്ക് പോരാടി 118 റൺസ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കുറഞ്ഞത് 50 ഇന്നിംഗ്സുകൾ കളിച്ചവരിൽ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളുടെ പട്ടിക എടുത്താൽ സർ ഡോൺ ബ്രാഡ്മാനും സർഫറാസ് ഖാനും ഒപ്പം 61.33 ശരാശരിയോടെ റിങ്കു സിങ്ങുമുണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
പരിമിത ഓവർ ഫോർമാറ്റുകളിൽ പോലും 2026 ടി20 ലോകകപ്പിന് ശേഷം റിങ്കുവിന് അർഹിച്ച അവസരങ്ങൾ ലഭിച്ചില്ലെന്നും ചോപ്ര വ്യക്തമാക്കി. ബാറ്റിംഗ് ഓർഡറിൽ ഏത് പൊസിഷനിൽ ഇറക്കിയാലും ടീമിനായി മികച്ച പ്രകടനം നടത്തുന്ന റിങ്കുവിനെ പെട്ടെന്ന് പുറത്താക്കി മറ്റുള്ളവർക്ക് അവസരം നൽകുന്നത് അന്യായമാണ്. നിലവിലെ ഇന്ത്യൻ ടെസ്റ്റ് മിഡിൽ ഓർഡറിൽ ഏതു നിമിഷവും ഒഴിവുകൾ വരാൻ സാധ്യതയുണ്ടെങ്കിലും ബാക്കപ്പ് ബാറ്ററായി റിങ്കുവിനെ പോലൊരു താരത്തെ സെലക്ടർമാർ ചിന്തിക്കുന്നു പോലുമില്ലെന്ന് ആകാശ് ചോപ്ര കുറ്റപ്പെടുത്തി.
നിലവിൽ കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, സായി സുദർശൻ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, ധ്രുവ് ജുറെൽ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് ശേഷം വരുന്നൊരു ബാക്കപ്പ് മിഡിൽ ഓർഡർ ബാറ്ററെ വളർത്തിയെടുക്കാൻ മാനേജ്മെന്റ് ശ്രദ്ധിക്കുന്നില്ല. മുൻപ് സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കളിപ്പിച്ചിരുന്നില്ല. ഉടൻ തന്നെ റിങ്കുവിനെ ടെസ്റ്റിൽ കളിപ്പിക്കണം എന്നല്ല, മറിച്ച് ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളിലെങ്കിലും അവനെ ഉൾപ്പെടുത്തി റെഡ് ബോൾ ഫോർമാറ്റിലേക്ക് പരിഗണിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!