
ദില്ലി: രജിനികാന്ത് നായകനായെത്തിയ പുതിയ ചിത്രം 'ജയിലർ 2' കാണാനായി ഒരു തിയേറ്റർ സ്ക്രീൻ മുഴുവനായി ബുക്ക് ചെയ്ത് മലയാളി താരം സഞ്ജു സാംസണ്‍. തന്‍റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കുമൊപ്പമാണ് സഞ്ജു സിനിമ കണ്ടത്. ഡൽഹിയിലെ ഔദ്യോഗിക തിരക്കുകൾ കാരണം റിലീസ് ദിനത്തിൽ ചിത്രം കാണാൻ സാധിച്ചിരുന്നില്ലെന്നും തൊട്ടടുത്ത ദിവസം തന്നെ തിയേറ്റർ ബുക്ക് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.
രജിനി സാറിന്‍റെ സിനിമകൾ കാണാൻ ഞാൻ എപ്പോഴും ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഡൽഹിയിലെ പരിപാടി കാരണം ഇന്നലെ സിനിമ കാണാൻ പറ്റിയില്ല. എന്നാൽ ഇന്ന് ഭാഗ്യവശാൽ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്യാൻ സാധിച്ചു. ഭാര്യയും സുഹൃത്തുക്കളും ഒപ്പമുണ്ട്. ബിഗ് സ്ക്രീനിൽ രജിനി സാറിനെ കാണാൻ വലിയ ആവേശമാണ്- സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡ് പര്യടനത്തിനായി പോകുന്നതിന് തൊട്ടു മുമ്പാണ് സഞ്ജു സുഹൃത്തുക്കള്‍ക്കൊപ്പം ജയിലര്‍-2 കണ്ടത്. ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങിന് ശേഷമായിരുന്നു സഞ്ജു സൂപ്പര്‍ സ്റ്റാറിന്‍റെ സിനിമ കാണാന്‍ സമയം കണ്ടെത്തിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും സപ്പോർട്ട് സ്റ്റാഫിലെയും തമിഴ് അറിയാവുന്ന മറ്റ് അംഗങ്ങളും തനിക്കൊപ്പം സിനിമ കാണാൻ എത്തിയിട്ടുണ്ടെന്നും മലയാളി താരം കൂട്ടിച്ചേർത്തു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ 2', 2023-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ജയിലറിന്‍റെ' രണ്ടാം ഭാഗമാണ്. 'ടൈഗർ മുത്തുവേൽ പാണ്ഡ്യൻ' എന്ന ഐക്കണിക് കഥാപാത്രമായി രജിനികാന്ത് വീണ്ടും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമ്പോൾ, ആരാധകനെന്ന നിലയിൽ ആഘോഷം അടുത്ത തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!