
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സ് ജയവുമായി മുന്നിലെത്തിയപ്പോള്‍ ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലിനുമൊപ്പം ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്ലും ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം ഗില്‍ റണ്ണൗട്ടായി.
വണ്‍ ഡൗണായി ക്രീസിലെത്തിയ ശ്രേയസും മോശമാക്കിയില്ല. പേസര്‍മാര്‍ക്കെതിരെ പതറുന്നുവെന്ന വിമര്‍ശനത്തിനിടയിലും ശ്രേയസ് അര്‍ധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും അയ്യരുടെ ടീമിലെ സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു.
വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് 3, 4,5 സ്ഥാനങ്ങളില്‍ ഇറങ്ങിയത്. ഈ സാഹചര്യത്തില്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞുവെന്നും അയ്യരുടെ ടീമിലെ സ്ഥാനം അപകടത്തിലാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവ് മികവ് കാട്ടുന്നുവെന്ന് മാത്രമല്ല, ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുമ്പില്‍ അയ്യര്‍ പതറുന്നുവെന്നതും പ്രശ്നമാണെന്ന് അഗാര്‍ക്കര്‍ ഫാന്‍കോഡിനോട് പറഞ്ഞു.
വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ അയ്യര്‍ ചെയ്ത നല്ലകാര്യം ഷോര്‍ട്ട് ബോളുകള്‍ ഒഴിവാക്കിയെന്നതാണ്. അയ്യര്‍ക്ക് ഷോര്‍ട്ട് ബോളുകള്‍ സ്വാഭാവികമായി കളിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിലയുറപ്പിക്കുന്നതുവരെ അത്തരം പന്തുകള്‍ ഒഴിവാക്കുന്നതാവും നല്ലതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചെങ്കിലും അയ്യര്‍ക്ക് തിളങ്ങാനായിരുന്നില്ല. തുടര്‍ന്ന് രണ്ടും മൂന്നും മത്സരങ്ങളില്‍ അയ്യര്‍ക്ക് അവസരം ലഭിച്ചില്ല. പരിക്കുമാറി കെ എല്‍ രാഹുലും വിശ്രമം കഴിഞ്ഞ് വിരാട് കോലിയും മടങ്ങിയെത്തുമ്പോള്‍ ശ്രേയസിനെ പ്ലേയിംഗ് ഇലവനില്‍ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!