
ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയെങ്കിലും ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സ്പിന്‍ പിച്ചൊരുക്കിയിട്ടും നാണം കെട്ട തോല്‍വി വഴങ്ങിയതോടെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങളാണെങ്ങും. ഇന്‍ഡോര്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 109 റണ്‍സിന് പുറത്തായശേഷം 88 റണ്‍ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും വലിയ സ്കോര്‍ നേടാനാവാതെ പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ മികച്ച ലീഡ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് ഇന്ത്യക്ക് വലിയ നേടാനാവാതെ പോയതിന് കാരണം. ശ്രേയസ് അയ്യര്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റണ്‍ നേടാന്‍ ശ്രമിച്ചപ്പോള്‍ ഓസീസ് പ്രതിരോധത്തലായെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ശ്രേയസ് വീണതോടെ ഇന്ത്യ കടുത്ത പ്രതിരോധത്തിലായി.
റിഷഭ് പന്തിനെപ്പോലെ ആക്രമിച്ചു കളിക്കുന്ന കളിക്കാരന്‍റെ ആഭാവമാണ് ഇന്‍ഡോറില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസീസ് താരം ഇയാന്‍ ചാപ്പല്‍. ഏറ്റവും വലിയ വ്യത്യാസം ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് ഇല്ലെന്നതാണ്. റിഷഭ് പന്ത് ഈ ടീമില്‍ എത്രമാത്രം പ്രധാനപ്പെട്ടവനാണെന്ന് ഇന്ത്യ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.
ഡിസംബറിലുണ്ടായിരുന്ന കാര്‍ അപകടത്തില്‍ പരിക്കേറ്റ് റിഷഭ് പന്ത് ചികിത്സയിലാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പുറമെ ഐപിഎല്ലും റിഷഭ് പന്തിന് നഷ്ടമാകുമെന്നാണ് സൂചന. റിഷഭ് പന്തുണ്ടായിരുന്നെങ്കില്‍ ഇന്‍ഡോറില്‍ മാത്യു കുനെമാനെയും നേഥന്‍ ലിയോണിനെയും തകര്‍ത്തടിച്ചേനെ എന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയയും പറഞ്ഞിരുന്നു. റിഷഭ് പന്തുണ്ടായിരുന്നെങ്കില്‍ ലിയോണിനെയും കുനെമാനെയും അടിച്ചു പറത്തിയെനെ. അവരെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലായിരുന്നു. അവരെ ആക്രമിച്ച് ലെങ്ത് മാറ്റാന്‍ നിര്‍ബന്ധിതരാക്കിയേനെ, എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും കനേരിയ പറഞ്ഞിരുന്നു.