ഡിവില്ലിയേഴ്സിന്‍റെ നേട്ടങ്ങള്‍ ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ഗ്രൗണ്ടിലാണെന്നും സുരേഷ് റെയ്ന പോലും നാലു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.
ബെംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. എന്നാല്‍ ഡിവില്ലിയേഴ്സിന് കരിയറില്‍ ഒരിക്കല്‍ പോലും ഐപിഎല്ലില്‍ കിരിടം നേടാനായിട്ടില്ല. ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്ന ഡിവില്ലിയേഴ്സ് പിന്നീട് റയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിലേക്ക് മാറി. ആര്‍സിബിയ്ക്ക് ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടം നേടാനാവാഞ്ഞത് ഡിവില്ലിയേഴ്സിന്‍റെ കരിയറിലും വലിയ വിടവായി അവശേഷിക്കുന്നുവെങ്കിലും ഐപിഎല്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഡിവില്ലിയേഴ്സിനെ ആരാധകര്‍ ഇപ്പോഴും കാണുന്നത്.
ഗാബ പിച്ച് പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ഗവാസ്കര്‍, ഇന്‍ഡോറിലേത് മോശം പിച്ച് തന്നെയെന്ന് വിശദീകരണം
എന്നാല്‍ ഡിവില്ലിയേഴ്സിന്‍റെ ഐപിഎല്‍ കരിയര്‍ അത്ര വലിയ സംഭവമല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. ഡിവില്ലിയേഴ്സിന്‍റെ നേട്ടങ്ങള്‍ ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ഗ്രൗണ്ടിലാണെന്നും സുരേഷ് റെയ്ന പോലും നാലു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു. സുരേഷ് റെയ്നക്ക് നാല് ഐപിഎല്‍ കിരീടങ്ങളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഡിവില്ലിയേഴ്സിന് ഐപിഎല്ലില്ഡ വ്യക്തിഗത റെക്കോര്‍ഡുകള്‍ മാത്രമേയുള്ളു. അതും ചിന്നസ്വാമിയിലെ ചെറിയ ഗ്രൗണ്ടില്‍ നേടിയത്. എട്ടോ പത്തോ വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുന്ന ഏതൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവുന്ന റെക്കോര്‍ഡുകള്‍ മാത്രമാണ് അതെന്നും ഗംഭീര്‍ പറഞ്ഞു.
എന്നാല്‍ ഗംഭീറിന്‍റെ പരാമര്‍ശം ആര്‍സിബി ആരാധകരെ ശരിക്കും ചൊടിപ്പിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗൗതം ഗംഭീറിന്‍റെ ഐപിഎല്‍ റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ തിരിച്ചടിച്ചത്. ഗൗതം ഗംഭീറിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിച്ച 11 ഇന്നിംഗ്സുകളില്‍ 126.4 പ്രഹരശേഷിയില്‍ 30.2 ശരാശരിയില്‍ ററണ്‍സ് നേടാനെ കഴിഞ്ഞിട്ടുള്ളൂവെന്നും രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഗംഭീറിന് നേടാനായതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിച്ച 61 ഇന്നിംഗ്സുകളില്‍ 43,56 ശരാശരിയില്‍ 161.42 പ്രഹരശേഷിയില്‍ റണ്‍സടിച്ചിട്ടുള്ള താരമാണ് ഡിവില്ലിയേഴ്സെന്നും ആരാധകര്‍ പറയുന്നു. 2021ലാണ് ഡിവില്ലിയേഴ്സ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചത്.
