
കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് പരമ്പരയില്‍ ഒപ്പമെത്തിയെങ്കിലും ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നിന്നിംഗ്സിലും ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവച്ച് പുറത്തായ ഇന്ത്യന്‍ നായകന്‍. നാല് ഇന്നിംഗ്സില്‍ 105.55 സ്ട്രൈക്ക് റേറ്റില്‍ 57 റൺസ് മാത്രമാണ് പന്ത് നേടിയത്. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയെത്തുടര്‍ന്ന് പന്തിന്‍റെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇതിനിടെ അമിതവണ്ണമാണ് റിഷഭ് പന്ത് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നമെന്ന് വ്യക്തമാക്കുകയാണ് മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. പന്തിന്‍റെ ബാറ്റിംഗിനെക്കുറിച്ചല്ല, വിക്കറ്റ് കീപ്പിംഗിനെക്കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്ന് കനേരിയ പറഞ്ഞു. അമിതവണ്ണം കാരണം പേസര്‍മാര്‍ പന്തെറിയുമ്പോള്‍ വിക്കറ്റിന് പിന്നില്‍ കുനിഞ്ഞിരിക്കാനോ പെട്ടെന്ന് പ്രതികരിക്കാനോ കഴിയുന്നില്ലെന്നതാണ് താന്‍ ശ്രദ്ധിച്ച പ്രധാനകാര്യമെന്ന് കനേരിയ പറഞ്ഞു.
അയര്‍ലന്‍ഡിനെതിരെ ആരെ കളിപ്പിക്കും, സഞ്ജുവോ കാര്‍ത്തിക്കോ, തുറന്ന് പറഞ്ഞ് പാക് താരം
അമിതവണ്ണവും പൊണ്ണത്തടിയും കാരണം നേരെ വിക്കറ്റിന് പിന്നില്‍ വരുന്ന ബോളുകളില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ പന്തിന് കഴിയാതെവരുന്നു. ഇത് പന്തിന്‍റെ ശാരീരികക്ഷമതയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അയാള്‍ 100 ശതമാനം ഫിറ്റാണോ എന്നുപോലും എനിക്ക് സംശയമുണ്ട്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ അയാള്‍ക്ക് ഹാര്‍ദ്ദിക്കില്‍ നിന്നും ദിനേശ് കാര്‍ത്തിക്കില്‍ നിന്നും പിന്തുണ ലഭിക്കുന്നത് നല്ല കാര്യമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ട20 പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റാനാവാനുളള അവസരമാണ് പന്തിന് മുന്നിലുള്ളതെന്നും കനേരിയ യുട്യൂബ് ചാനലില്‍ പറഞ്ഞു.
രാജ്കോട്ടില്‍ നടന്ന നാലാം ടി20യില്‍ ദിനേശ് കാര്‍ത്തിക് പുറത്തെടുത്ത പ്രകടനത്തെയും കനേരിയ പ്രശംസിച്ചു. കാര്‍ത്തിക് പക്വതയോടെ ബാറ്റ് ചെയ്തപ്പോള്‍ ഹാര്‍ദ്ദികും ഉത്തരവാദിത്തം കാട്ടി. അന്ന് ഡികെ ഡേ ആയിരുന്നു. എല്ലാ കാര്യങ്ങളും കാര്‍ത്തിക് വിചാരിച്ചതുപോലെ നടന്നുവെന്നും കനേരിയ പറഞ്ഞു.