'ഉമ്രാന്‍ മാലിക് ജമ്മു താവി എക്‌സ്‌പ്രസ്, പ്രത്യേകതകള്‍ ഇങ്ങനെ'; വാരിപ്പുകഴ്‌ത്തി ആകാശ് ചോപ്ര

Published : Jun 04, 2022, 11:13 AM ISTUpdated : Jun 04, 2022, 11:16 AM IST
'ഉമ്രാന്‍ മാലിക് ജമ്മു താവി എക്‌സ്‌പ്രസ്, പ്രത്യേകതകള്‍ ഇങ്ങനെ'; വാരിപ്പുകഴ്‌ത്തി ആകാശ് ചോപ്ര

Synopsis

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 കളികളില്‍  9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ മാലിക് വീഴ്‌ത്തിയത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) അതിവേഗം കൊണ്ട് അമ്പരപ്പിച്ച പേസര്‍ ഉമ്രാന്‍ മാലിക്(Umran Malik) ഇന്ത്യന്‍ ജേഴ്‌സിയില്‍(Team India) അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ 9നാരംഭിക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള(IND vs SA) സ്‌ക്വാഡില്‍ ജമ്മു കശ്‌മീരില്‍ നിന്നുള്ള അതിവേഗക്കാരനുമുണ്ട്. പരമ്പരയ്‌ക്ക് മുന്നോടിയായി ഉമ്രാന്‍റെ സവിശേഷതകള്‍ വിവരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra). 

'ഉമ്രാന്‍ മാലിക് ജമ്മു താവി എക്‌സ്‌പ്രസാണ്. എന്തൊരു മികച്ച പേസറാണ് അദേഹം. അദേഹത്തിന്‍റെ പന്തുകള്‍ക്ക് ആ മൂര്‍ച്ചയുണ്ട്. ഐപിഎല്ലില്‍ ഭയപ്പെടുത്തി, ഭീഷണിപ്പെടുത്തി ആളുകളെ ഓടിച്ചുകളഞ്ഞു. ഒന്നുരണ്ട് കളിയില്‍ ഏറെ റണ്‍സ് വഴങ്ങി. നാല് ഓവറില്‍ 40 റണ്‍സൊക്കെ വിട്ടുകൊടുത്തു. നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കെയ്‌ന്‍ വില്യംസണ്‍ അയാളെ ചിലപ്പോഴൊക്കെ അനുവദിച്ചില്ല. എന്നാല്‍ നന്നായി പന്തെറിയുമ്പോള്‍ മൂന്നുനാല് വിക്കറ്റുകളോ, അഞ്ച് വിക്കറ്റ് വരെയും പിഴുതു. ബൗളിംഗ് മോശമായത് കൊണ്ടല്ല ഉമ്രാന്‍ റണ്‍സ് വഴങ്ങിയത്. ബാറ്റര്‍മാര്‍ നന്നായി കളിച്ചു. പേസിനെ നന്നായി ഉപയോഗിച്ചു. എന്നാല്‍ ഉമ്രാന്‍ ഏറെ മുന്നോട്ടുപോകും' എന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുപ്പായത്തില്‍ 14 കളികളില്‍  9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ മാലിക് വീഴ്‌ത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25ന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. റണ്‍സ് വഴങ്ങിയെങ്കിലും അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി തിരിച്ചുവന്നു. ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ 157 കിലോമീറ്റര്‍ വേഗമുള്ള പന്തെറിഞ്ഞ് ശ്രദ്ധനേടി. ഈ സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്തായി ഇത്. ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക്കിന് കന്നി ക്ഷണം ബിസിസിഐ നല്‍കുകയായിരുന്നു. 

സ്റ്റെയ്‌ന്‍ ഇഫക്‌റ്റ്

തന്‍റെ ഐപിഎല്‍ മികവിന് പേസ് ഇതിഹാസവും സണ്‍റൈസേഴ്‌സിന്‍റെ ബൗളിംഗ് പരിശീലകനുമായ ഡെയ്‌ല്‍ സ്റ്റെയ്‌നാണ് ഉമ്രാന്‍ മാലിക് കടപ്പാട് നല്‍കുന്നത്. 'ഞാന്‍ മൂന്ന് മണിക്കൂര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ ആ സമയമത്രയും സ്റ്റെയ്‌ന്‍ എന്‍റെ പിന്നിലുണ്ടാകും. നല്ല വേഗമുള്ളതിനാല്‍ ടെന്നീസ് ബോളില്‍ കളിക്കുമ്പോള്‍ എനിക്കെതിരെ കളിക്കാന്‍ എതിരാളികള്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല' എന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹ പേസര്‍ ഭുവനേശ്വര്‍ കുമാറുമായുള്ള സംഭാഷണത്തില്‍ ഉമ്രാന്‍ മാലിക് മുമ്പ് വ്യക്തമാക്കിയിരുന്നു. 

സിറാജ് മുതല്‍ ഹസരങ്ക വരെ, ഐപിഎല്ലില്‍ ബാറ്റര്‍മാര്‍ 'ആറാട്ട്' നടത്തിയ അഞ്ച് ബൗളര്‍മാര്‍ 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്