'ഒന്നും തെളിയിക്കേണ്ടതില്ല, സ്വന്തം വഴിയെ പോവുക'; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഉപദേശവുമായി കപില്‍ ദേവ്

By Jomit JoseFirst Published Jun 4, 2022, 10:43 AM IST
Highlights

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ 

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഒരു മത്സരത്തില്‍പ്പോലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്(Arjun Tendulkar) അവസരം നല്‍കിയിരുന്നില്ല. എന്തുകൊണ്ടാണ് അര്‍ജുന് അവസരം നല്‍കാതിരുന്നത് എന്ന് കഴിഞ്ഞ ദിവസം മുംബൈ ബൗളിംഗ് കോച്ച് ഷെയ്‌ന്‍ ബോണ്ട് വ്യക്തമാക്കുകയും ചെയ്‌തു. അര്‍ജുനെ കുറിച്ച് തന്‍റെ അഭിപ്രായവും നിലപാടും മുന്നോട്ടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ഓള്‍റൗണ്ടറും ഇന്ത്യന്‍ മുന്‍ നായകനുമായ കപില്‍ ദേവ്(Kapil Dev). 

സച്ചിനുമായി താരതമ്യം വേണ്ടെന്ന് കപില്‍ 

'എന്തുകൊണ്ടാണ് എല്ലാവരും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ച് സംസാരിക്കുന്നത്? കാരണം അയാള്‍ സച്ചിന്‍റെ മകനാണ്. അവന്‍ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനുമായി താരതമ്യം ചെയ്യണ്ടാ. പേരിനൊപ്പം ടെന്‍ഡുല്‍ക്കര്‍ എന്നുള്ളത് ചിലപ്പോള്‍ ദോഷവുമാകാം. സമ്മര്‍ദം താങ്ങാനാവാതെ ഡോണ്‍ ബ്രാഡ്‌മാന്‍റെ മകന്‍ പേര് മാറ്റിയത് നമുക്ക് മുന്നിലുണ്ട്. അയാള്‍ ബ്രാഡ്‌മാനെ പോലെയായിരിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. 

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മേല്‍ സമ്മര്‍ദം നല്‍കരുത്. അവന്‍ ചെറിയൊരു കുട്ടിയാണ്. ഇതിഹാസ താരമായ സച്ചിന്‍ പിതാവാണ് എന്ന് കരുതി അര്‍ജുന്‍റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ നമ്മളാരാണ്. സ്വന്തം പ്രകടനം കാഴ്‌ചവെക്കുക എന്നുമാത്രമേ അര്‍ജുനോട് പറയാനുള്ളൂ. ഒന്നും തെളിയിക്കേണ്ടതില്ല. സച്ചിന്‍റെ 50 ശതമാനമെങ്കിലുമായാല്‍പ്പോലും അതിനേക്കാള്‍ വലിയ കാര്യമില്ല. സച്ചിന്‍ മഹാനായ താരമാണ് എന്നതിനാല്‍ മകനിലും ആ പ്രതീക്ഷ വന്നുചേരുകയാണ്' എന്നും കപില്‍ പറഞ്ഞു. 

രണ്ട് സീസണുകളായി മുംബൈ ഇന്ത്യന്‍സ് സ്‌‌ക്വാഡിനൊപ്പമുണ്ടെങ്കിലും 22കാരനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് ഇതുവരെ അരങ്ങേറ്റത്തിന് ടീം അവസരം നല്‍കിയിട്ടില്ല. ഇത്തവണ ഐപിഎല്‍  താരലേലത്തില്‍ 30 ലക്ഷത്തിനാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സിലെത്തിയത്. മുംബൈക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ടി20 മുംബൈ ലീഗിലായിരുന്നു ഇത്. 

'മെച്ചപ്പെടാനുണ്ട് അര്‍ജുന്‍'

'ചില മേഖലകളില്‍ അവന്‍ മെച്ചപ്പെടേണ്ടതുണ്ട്. മുംബൈ ഇന്ത്യന്‍സിനെ പോലെ ഒരു ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. അതിനുവേണ്ട പരിശീലനമെല്ലാം നല്‍കിവരുന്നുണ്ട്. ഉയര്‍ന്ന തലത്തിലാണ് അര്‍ജുന്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍ ബാറ്റിംഗും ഫീല്‍ഡിംഗും മെച്ചപ്പെടുത്തണം. എങ്കില്‍ മാത്രമെ ടീമില്‍ ഇടം ലഭിക്കൂ. മാറ്റമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്' എന്നും മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് കോച്ചും ന്യൂസിലന്‍ഡ് മുന്‍ പേസറുമായ ഷെയ്ന്‍ ബോണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'ഒരുപാട് മെച്ചപ്പെടാനുണ്ട്'; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഐപിഎല്ലില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

click me!