ക്യാപ്റ്റനാകാനില്ലെന്ന് പറഞ്ഞത് കോലി, ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ

Published : Aug 04, 2022, 07:21 PM IST
ക്യാപ്റ്റനാകാനില്ലെന്ന് പറഞ്ഞത് കോലി, ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ

Synopsis

വിരാട് കോലിക്ക് തുടര്‍ച്ചയായി വിശ്രമം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. ചിലര്‍ അത് ശരിയായ തീരുമാനമാണെന്ന് പറയുന്നു. ആളുകള്‍ക്ക് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ടാകും. അദ്ദേഹം ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകുമോ എന്ന കാര്യം ബിസിസിഐ അല്ല സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്.

മുംബൈ: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിയെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ഇനി ക്യാപ്റ്റനാവാനില്ലെന്ന് കോലി തന്നെ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നും മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന് നല്‍കിയ യുട്യൂബ് അഭിമുഖത്തില്‍ ധുമാല്‍ പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പുറമെ കോലിയെ ബിസിസിഐ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും ധുമാല്‍ തള്ളി. വിരാട് കോലി സാധാരണ കളിക്കാരനല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിനായുള്ള കോലിയുടെ സംഭാവന വളരെ വലുതാണെന്നും ധുമാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബിസിസിഐ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ ബിസിസിഐയെ ബാധിക്കില്ല. അദ്ദേഹം ഫോമിലേക്ക് മടങ്ങിവരുന്നതിനും സെഞ്ചുറി അടിക്കുന്നതിനും വേണ്ടിയാണ് എല്ലാവരെയും പോലെ ഞങ്ങളും കാത്തിരിക്കുന്നത്.

ഹിറ്റ്മാന് പോലും കഴിഞ്ഞിട്ടില്ല, കോലിക്കും രാഹുലിനുംശേഷം റാങ്കിംഗില്‍ ചരിത്രനേട്ടവുമായി സൂര്യകുമാര്‍ യാദവ്

വിരാട് കോലിക്ക് തുടര്‍ച്ചയായി വിശ്രമം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. ചിലര്‍ അത് ശരിയായ തീരുമാനമാണെന്ന് പറയുന്നു. ആളുകള്‍ക്ക് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ടാകും. അദ്ദേഹം ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകുമോ എന്ന കാര്യം ബിസിസിഐ അല്ല സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെക്കുറിച്ചാണെങ്കില്‍ അത് പൂര്‍ണമായും അദ്ദേഹത്തിന്‍റെ തീരുമാനമായിരുന്നു.ഞാനിനി ക്യാപ്റ്റനാവാനില്ലെന്ന് കോലി തന്നെയാണ് അറിയിച്ചത്. ലോകകപ്പ് കഴിഞ്ഞശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്.

അത് അവരുടെ കാഴ്ച്ചപാട്. സ്ഥാനമൊഴിയാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് പൂര്‍ണമായും വിരാട് കോലിയുടെ തീരുമാനവുമായിരുന്നു. അത് ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ബിസിസിഐയിലെ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം എത്രയും വേഗം ഫോമിലേക്ക് മടങ്ങണമെന്നാണ് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നത്-ധുമാല്‍ പറഞ്ഞു.

കോലി-ഗാംഗുലി പോര്

കഴിഞ്ഞ വര്‍ഷം ട്വന്‍റി 20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച കോലിയോട് നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ വ്യക്തിപരമായും ബിസിസിഐയും അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഗാംഗുലി പിന്നീട് വ്യക്തമാക്കിയിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം തീരുമാനം വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ അറിഞ്ഞതെന്നും ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് കോലി തുറന്നുപറഞ്ഞതോടെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

കോലിയും ബിസിസിഐയും തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു എന്നഭിപ്രായപ്പെട്ട് മുന്‍താരങ്ങള്‍ പിന്നാലെ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍ കോലി അപ്രതീക്ഷിതമായി രാജിവെക്കുകയും ചെയ്തു. ഏകദിനത്തിലും ടി20യിലും പിന്നീട് ടെസ്റ്റിലും രോഹിത് ശര്‍മ്മയെ കോലിയുടെ പിന്‍ഗാമിയായി ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിന് പിന്നാലെ ഫോം നഷ്ടം കൂടിയായതോടെ കോലിക്ക് കൂടുതല്‍ മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നത് അദ്ദേഹത്തെ ഒതുക്കാനാണെന്ന വാദവും ഇതിനിടെ ഉയര്‍ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍