
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിച്ച സന്നാഹ മത്സരത്തില്‍ യശസ്വ ജയ്സ്വാളിനെ കളിപ്പിക്കാതിരുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. ടോപ് ഫോറിലുള്ള രോഹിത് ശര്‍മയും വിരാട് കോലിയും ഹാര്‍ദ്ദിക് പാണ്ഡ്യയുമൊന്നും പാര്‍ട്ട് ടൈം ബൗളറാല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്നും ഈ സാഹചര്യത്തില്‍ നെറ്റ്സില്‍ പതിവായി പന്തെറിയുന്ന യശസ്വി ജയ്സ്വാളിനെ എന്തായാലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങി ടോപ് സ്കോററായെങ്കിലും വിരാട് കോലി ലോകകപ്പില്‍ ഓപ്പണറാവേണ്ട കാര്യമില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. പാര്‍ട് ടൈം ബൗളര്‍മാരായി ഇന്ത്യക്ക് അധികം പേരൊന്നുമില്ല. യശസ്വിയാകട്ടെ നെറ്റ്സില്‍ പതിവായി പന്തെറിയുന്ന താരവുമാണ്. അതുകൊണ്ട് തന്നെ ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ യശസ്വിയെയും പേസ് ഓള്‍ റൗണ്ടറായ ശിവം ദുബെയെയും എന്തായാലും കളിപ്പിക്കണം. കാരണം, ഇരുവര്‍ക്കും ഒന്നോ രണ്ടോ ഓവര്‍ എന്തായാലും എറിയാന്‍ കഴിയും.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ള രോഹിത്തും കോലിയും സൂര്യയുമൊന്നും ബൗള്‍ ചെയ്യാത്തത് ടീമിന്‍റെ ബൗളിംഗ് ദുര്‍ബലമാക്കും. ഇവരിലാരെങ്കിലും പന്തെറിയുമായിരുന്നെങ്കില്‍ അത് ടീമിന് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു. നിലവിലെ ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമിനെ നോക്കു, അവരുടെ ടോപ് സെവനില്‍ പന്തെറിയാന്‍ കഴിയുന്ന മൊയീന്‍ അലിയും ലിയാം ലിവിംഗ്സ്റ്റണും വില്‍ ജാക്സും എല്ലാമുണ്ടെന്നും പത്താന്‍ പറഞ്ഞു.
ഓള്‍ റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവാനിടയുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സഞ്ജയ് മഞ്ജരേക്കറും പറഞ്ഞു. ഓസ്ട്രേലിയൻ ടീമില്‍ മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്‌വെല്ലും കാമറൂണ്‍ ഗ്രീനുമെല്ലാം പന്തെറിയാന്‍ കഴിയുന്നവരാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വിരാട് കോലിയുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് രോഹിത്തിനൊപ്പം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കോലിയും രോഹിത്തും ആകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!