ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ടീം സിംബാബ്‌വെ പര്യടനം നടത്തുമ്പോള്‍ പരാഗ് ഉള്‍പ്പെടെ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഗുവാഹത്തി: ഇത്തവണ ടി20 ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോടാണ് പരാഗിന്‍റെ പ്രതികരണം. ഐപിഎല്‍ റണ്‍വേട്ടയില്‍ 573 റണ്‍സ് നേടി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും പരാഗിന് ലോകകപ്പ് ടീമില്‍ ഇടം കിട്ടിയിരുന്നില്ല. പരാഗിന്‍റെ ടീം ക്യാപ്റ്റനായ സഞ്ജു സാംസണാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം നേടിയത്.
ഭാരത് ആര്‍മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പരാഗ് തുറന്നു പറഞ്ഞത്. ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോട് അതിന് ഉത്തരം പറഞ്ഞാല്‍ അത് പക്ഷപാതപരമായി പോകുമെന്നും സത്യസന്ധമായി പറഞ്ഞാല്‍ ഇത്തവണ ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ആരാണ് കിരീടം നേടുന്നത് എന്ന് മാത്രമെ നോക്കുന്നുള്ളൂവെന്നും പരാഗ് പറഞ്ഞു. ഞാന്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരൊക്കെ സെമിയില്‍ കളിക്കുമെന്ന് ആലോചിക്കാമെന്നും പരാഗ് പറഞ്ഞു.
അധികം വൈകാതെ തന്നെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കുമെന്നും താന്‍ ഇന്ത്യക്കായി കളിക്കുമെന്നും പരാഗ് നേരത്തെ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എപ്പോഴാണ് ഇന്ത്യക്കായി കളിക്കുക എന്ന് അറിയില്ല. പക്ഷെ, ഞാന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുമെന്നുറപ്പാണ്. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അഹങ്കാരമായി തോന്നാം. എന്നാല്‍ എന്‍റെ കഴിവില്‍ എനിക്കുള്ള വിശ്വാസമാണത്. പത്ത് വയസുള്ളപ്പോള്‍ തന്നെ പിതാവും മുന്‍ റെയില്‍വെ താരവുമായിരുന്ന പരാഗ് ദാസും ഇക്കാര്യം മനസില്‍ ഉറപ്പിച്ചതാണെന്നും പരാഗ് പറഞ്ഞു.
ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ടീം സിംബാബ്‌വെ പര്യടനം നടത്തുമ്പോള്‍ പരാഗ് ഉള്‍പ്പെടെ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ ടി20 ലോകകപ്പില്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരകത്തില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടും
