സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയക്കായി ഡേവിഡ് വീസും ഇറാസ്മസും ചേര്‍ന്ന് 21 റണ്‍സടിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമാന് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ആവേശം സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഒമാനെ വീഴ്ത്തി നമീബിയ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. തുടര്‍ന്നായിരുന്നു മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയക്കായി ഡേവിഡ് വീസും ഇറാസ്മസും ചേര്‍ന്ന് 21 റണ്‍സടിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമാന് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ അഞ്ച് പന്തുകളില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത ഡേവിഡ് വീസ് ഒരു വിക്കറ്റും വീഴ്ത്തി ഒമാനെ വരിഞ്ഞുകെട്ടി. അവസാന പന്ത് ഒമാനായി അക്വിബ് സിക്സിന് പറത്തിയെങ്കിലും ജയത്തിന് അതു മതിയാകാതെ വന്നു. നമീബിയ നേടിയ 21 റണ്‍സ് ടി20 ലോകകപ്പ് ചരിത്രത്തില്‍ സൂപ്പര്‍ ഓവറിലെ ഏറ്റവും വലിയ സ്കോറാണ്. സ്കോര്‍ ഒമാന്‍ 19.4 ഓവറില്‍ 109ന് ഓള്‍ ഔട്ട്, നമീബിയ 20 ഓവറില്‍ 109-6. സൂപ്പര്‍ ഓവറില്‍ നമീബിയെ 21-0, ഒമാന്‍ 10-1.
കോച്ചിനെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണം, ബിസിസിഐക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി
നേരത്തെ ആറ് വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു നമീബിയക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ മെഹ്റാന്‍ ഖാന്‍ പൊരുതി നിന്ന ജാന്‍ ഫ്രൈലിങ്കിനെ(48 പന്തില്‍ 45) പുറത്താക്കിയതോടെ നമീബിയ പ്രതിസന്ധിയിലായി. പിന്നീടെത്തിയ സെയ്ന് ഗ്രീനിന് രണ്ടാം പന്തില്‍ റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ മെഹ്റാന്‍ ഖാന്‍ സെയ്ന്‍ ഗ്രീനിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ നമീബിയയുടെ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ചായി.
നാലാം പന്തില്‍ മലന്‍ ക്രൂഗര്‍ ഒരു റണ്ണും അഞ്ചാം പന്തിലും അവസാന പന്തിലും ഡേവിഡ് വീസ് രണ്ട് റണ്‍ വീതവും ഓടിയെടുത്തതോടെ മത്സരം ടൈയില്‍ അവസാനിച്ചു. അവസാന പന്തില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് മതിയായിരുന്നെങ്കിലും 8 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വീസിന് രണ്ട് റണ്‍സെ നേടാനായിരുന്നുള്ളു. അവസാന പന്തില്‍ മലന്‍ ക്രുഗറെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം വിക്കറ്റ് കീപ്പര്‍ നസീം ഖുഷി നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ ഒമാന് ചരിത്ര വിജയം സ്വന്തമാവുമായിരുന്നു.
24 റണ്‍സെടുത്ത നിക്കോളാസ് ഡാവിനും 13 റണ്‍സെടുത്ത ജെറാര്‍ഡ് ഇറാസ്മസും മാത്രമാണ് ഫ്രൈലിങ്കിന് പുറമെ നമീബിയക്കായി രണ്ടക്കം കടന്നവര്‍. ഒമാനായി മെഹ്റാന്‍ ഖാന്‍ മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒമാന് വേണ്ടി ഖാലിദ് ഖാലി(34), സീഷാന്‍ മഖ്സൂദ്(22), അയാന്‍ ഖാന്‍(15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നമീബിയക്കായി ഡേവിഡ് വീസ് 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടങ്ങുന്ന ഗ്രൂപ്പില്‍ നമീബിയ ഒന്നാം സ്ഥാനത്തായി.
