
കറാച്ചി: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ പേസര്‍ ഇഹ്സാനുള്ള. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും തകര്‍ത്തടിച്ച അഭിഷേക് ശര്‍മയെ പുറത്താക്കാന്‍ തനിക്ക് ആറ് പന്തുകള്‍ പോലും വേണ്ടെന്ന് ഇഹ്സാനുള്ള പറഞ്ഞു. ഇന്ത്യക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അഭിഷേക് ശര്‍മയെ താന്‍ 3-6 പന്തുകള്‍ക്കുള്ളില്‍ പുറത്താക്കുമെന്നായിരുന്നു ഇഹ്സാനുള്ളയുടെ പ്രതികരണം. 2023ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 152.65 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ശ്രദ്ധേയനായ ഇഹ്സാനുള്ള പാകിസ്ഥാനായി ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും പരിക്ക് കാരണം പിന്നീട് ടീമില്‍ നിന്ന് പുറത്തായി.
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ അഭിഷേക് പാകിസ്ഥാനെതിരെ 13 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 39 പന്തില്‍ 74 റണ്‍സടിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ പാകിസ്ഥാനെതിരെ അടിതെറ്റിയ അഭിഷേകിന് ആറ് പന്തില്‍ അഞ്ച് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. എങ്കിലും മൂന്ന് അര്‍ധസെഞ്ചുറികളുമായി ടൂര്‍ണമെന്‍റില്‍ 314 റണ്‍സടിച്ച അഭിഷേക് ആയിരുന്നു ടൂര്‍ണമെന്‍റിലെ താരവും ഇന്ത്യയുടെ ടോപ് സ്കോറററും.
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!