
ദില്ലി: ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് നേരെ വരുന്ന എല്ലാ വിമർശനങ്ങളും താൻ ഏറ്റെടുക്കുമെന്ന് കോച്ച് ഗൗതം ഗംഭീർ. ക്യാപ്റ്റൻ എന്ന നിലയിൽ ശരിയായ ദിശയിലൂടെയാണ് ഗിൽ പോകുന്നത്. ഏകദിനത്തിലും നായകനായി ശോഭിക്കാൻ ഗില്ലിന് കഴിയും. നായകന്‍റെ സമ്മർദം കുറയ്ക്കുകയാണ് തന്‍റെ ദൗത്യമെന്നും എപ്പോഴും തന്‍റെ പിന്തുണ ഗില്ലിനുണ്ടാവുമെന്നും ഗംഭീർ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗില്ലിന് നേരെ ഉയര്‍ന്നതെല്ലാം അനാവശ്യ വിമര്‍ശനങ്ങളാണെന്നും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അസാമാന്യ പ്രകടനത്തോടെ തന്‍റെ വിമര്‍ശകരെയെല്ലാം ഗില്‍ നിശബ്ദനാക്കി.
ഞാനിപ്പോഴും ഓര്‍ക്കുന്നു, 25കാരനായ ഗില്ലിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തപ്പോള്‍ ഞാനവനോട് പറഞ്ഞത്. നിന്നെ ഞങ്ങള്‍ ആഴക്കടലിലേക്ക് എടുത്തെറിയുകയാണ്. ഇവിടെ നിനക്ക് മുന്നില്‍ രണ്ട് വഴികള്‍ മാത്രമെയുള്ളു. ഒന്നുകില്‍ ലോകോത്തര നീന്തല്‍ക്കാരനായി ജയിച്ചു കയറാം, അല്ലെങ്കില്‍ മുങ്ങിമരിക്കാം. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവന്‍ നേടിയ 750 റണ്‍സുകൾക്ക് എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമില്ലായിരുന്നു. ഇംഗ്ലണ്ടിലെ സമ്മര്‍ദ്ദഘട്ടത്തില്‍ അവൻ ടീമിനെ നയിച്ച രീതിയായിരുന്നു പ്രധാനം.
ഇനിയവന്‍റെ കരിയറില്‍ ഇതിലും വലിയൊരു വെല്ലുവിളി അവന് മുന്നിലുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. അടുത്ത 10 വര്‍ഷമോ 15 വര്‍ഷമോ ക്യാപ്റ്റനായാലും ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ട് മാസത്തോളം അവന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തിന് അടുത്തൊന്നും വരാന്‍ ഒരു പരമ്പരക്കും ആവില്ല. കാരണം, എതിരാളികളെ തച്ചുതകര്‍ക്കാന്‍ കെല്‍പുള്ള ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്‍റേത്. ഇന്ത്യൻ ടീമാണെങ്കില്‍ പരിചയസമ്പത്തില്ലാത്തവരുടെ സംഘവും. പക്ഷെ ഇന്ത്യൻ യുവനിര ഇംഗ്ലണ്ടിലെ സമ്മര്‍ദ്ദങ്ങളെ മനോഹരമായി നേരിട്ടു. ഓവല്‍ ടെസ്റ്റിനുശേഷം ഞാനവനോട് പറഞ്ഞു, നീ നിന്‍റെ കരിയറിലെ ഏറ്റവും വിഷമകരമായ പരീക്ഷ പാസായിരിക്കുന്നു. ഇനി ഇവിടുന്നങ്ങോട്ട് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും.
ഇനി അവന് എല്ലാം എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം, അവനെക്കുറിച്ച് ആളുകള്‍ പലതും പറഞ്ഞു, അതില്‍ പലരും ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കാര്യങ്ങളായിരുന്നു. പക്ഷെ ഇംഗ്ലണ്ടില്‍ അവന്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. കാരണം, ഞാനും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഞങ്ങളെക്കാളേറെ സമ്മര്‍ദ്ദത്തിലായിരുന്നു ഗില്‍. എന്നാല്‍ ആ 25 ദിവസത്തില്‍ ഒരു ദിവസം പോലും അവന്‍ അസ്വസ്ഥനാവുകയോ സമ്മര്‍ദ്ദത്തിന് അടിപ്പെടുകയോ ചെയ്തില്ല. ഒരു ചിരിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അതുകൊണ്ട് തന്നെ അവൻ ടീമിനായി നില്‍ക്കുന്നിടത്തോളം ഞാനവനെ സംരക്ഷിക്കും. അവനെതിരെയുള്ള വിമര്‍ശനങ്ങളെയെല്ലാം ഏറ്റെടുക്കും. കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കാതാവുമ്പോൾ അവന്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ കൗതുകമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!