ടോസ് നേടി ക്രീസിലിറങ്ങിയ ഗോവക്ക് സ്കോര്‍ 30ല്‍ എത്തിയപ്പോള്‍ തന്നെ ആദ്യ തിരിച്ചടിയേറ്റു.

പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ ഗോവ ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗോവ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തിട്ടുണ്ട്.11 റണ്‍സുമായി സമര്‍ ദുബാഷിയാണ് ക്രീസില്‍. 86 റണ്‍സെടുത്ത ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്കോറര്‍. യാഷ് കസ്‌വങ്കര്‍ അര്‍ധസെഞ്ചുറി(50) നേടി. കേരളത്തിനായി അങ്കിത് ശര്‍മ 88 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തു.

ടോസ് നേടി ക്രീസിലിറങ്ങിയ ഗോവക്ക് സ്കോര്‍ 30ല്‍ എത്തിയപ്പോള്‍ തന്നെ ആദ്യ തിരിച്ചടിയേറ്റു. 12 റണ്‍സെടുത്ത കശ്യപ് ബേക്ക്‌ലെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അങ്കിത് ശര്‍മയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.തൊട്ടു പിന്നാലെ അഭിനവ് തേജ്റാണയെ(1)യും അങ്കിത് തന്നെ മടക്കിയതോടെ ഗോവ പ്രതിരോധത്തിലായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റൻ സ്നേഹാല്‍ കൗതാങ്കറും(29) പ്രഭുദേശായിയും ചേര്‍ന്ന് ഗോവയെ കരകയറ്റി. സ്കോര്‍ 100 കടക്കും മുമ്പ് കൗതാങ്കറെ വീഴ്ത്തിയ എന്‍ പി ബേസില്‍ കൂട്ടുകെട്ട് പൊളിച്ചു. ലളിത് യാദവിനും(21) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ബേസില്‍ തന്നെയാണ് ലളിത് യാദവിനെയും വീഴ്ത്തിയത്. സ്കോര്‍ 200 കടക്കും മുമ്പ് 86 റണ്‍സെടുത്ത സുയാഷ് പ്രഭു ദേശായിയെ വീഴ്ത്തിയ അങ്കിത് ശര്‍മ ഗോവക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത കേരളം ഗോവയെ ആദ്യദിനം 279 റണ്‍സില്‍ തളച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക