വിവരങ്ങള്‍ ചോര്‍ത്തി; ഹീത് സ്ട്രീക്കിന് ഐസിസിയുടെ എട്ട് വര്‍ഷത്തെ വിലക്ക്

By Web TeamFirst Published Apr 14, 2021, 7:31 PM IST
Highlights

2018ലെ ത്രിരാഷ്ട്ര പരമ്പരയ്ക്കിടയിലേയും ഐപിഎല്ലിലേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റവും സ്ട്രീക്കിന് മേലുണ്ട്.
 

ദുബായ്: സിംബാബ്‌വെയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഹീത് സ്ട്രീക്കിനെ ഐസിസി എട്ട് വര്‍ഷത്തേക്ക് വിലക്കി. നേരത്തെ, ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ സ്ട്രീക്കിനെതിരെ ഉണ്ടായിരുന്നു. ഇത് ശരിവച്ചതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയിലും സ്ട്രീക്ക് ഇടപെടാന്‍ പാടില്ല. 

2016-2018 സമയത്ത് സിംബാബ്‌വെയുടെ പരിശീലകനായിരുന്നപ്പോള്‍ സ്ട്രീക്കിന് നേരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് ഇപ്പോള്‍ നടപടി. ആ സമയത്ത് വിവിധ ക്രിക്കറ്റ് ലീഗുകളിലെ ഫ്രാഞ്ചൈസികള്‍ക്കൊപ്പവും സ്ട്രീക്ക് പ്രവര്‍ത്തിച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫിലും സ്ട്രീക്ക് ഉണ്ടായിരുന്നു. 2018ലെ ത്രിരാഷ്ട്ര പരമ്പരയ്ക്കിടയിലേയും ഐപിഎല്ലിലേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റവും സ്ട്രീക്കിന് മേലുണ്ട്.

2029 മാര്‍ച്ചിലാണ് ക്രിക്കറ്റിലേക്ക് ഇനി സ്ട്രീക്കിന് മടങ്ങിയെത്താനാവുക. 65 ടെസ്റ്റും, 189 ഏകദിനവും സിംബാബ്‌വെയ്ക്ക് വേണ്ടി സ്ട്രീക്ക് കളിച്ചു. 1993ലായിരുന്നു അരങ്ങേറ്റം. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടി. ടെസ്റ്റില്‍ 216 വിക്കറ്റും ഏകദിനത്തില്‍ 239 വിക്കറ്റും സ്ട്രീക്കിന്റെ അക്കൗണ്ടിലുണ്ട്. 2005ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

click me!