ക്ലാസൻ-നിതീഷ് സെഞ്ചുറി കൂട്ടുകെട്ട്, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ഹൈദരാബാദ്, ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോര്‍

Published : Apr 05, 2026, 05:25 PM IST
Nitish Kumar Reddy-Heinrich Klassen

Synopsis

40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്‍റെ ടോപ് സ്കോററായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. എട്ടാം ഓവറില്‍ 26-4ലേക്ക് തകര്‍ന്നടിഞ്ഞശേഷം അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് 62 പന്തില്‍ 116 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്‍റെ ടോപ് സ്കോററായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി. അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ ട്രാവിസ് ഹെഡ് ഏഴും ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ലക്നൗവിനായി മുഹമ്മദ് ഷമിയും ആവേശ് ഖാനും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഷമിയുടെ ഇരട്ടപ്രഹരം

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഹൈദരാബാദിനെ ഞെട്ടിച്ചത് മുഹമ്മദ് ഷമിയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേകിനെ പൂജ്യനായി മടക്കിയ ഷമി തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിനെ കൂടി പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തി. നാലാം ഓവറില്‍ ക്യാപ്റ്റൻ ഇഷാന്‍ കിഷനെ പ്രിന്‍സ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഹൈദരാബാദ് കൂട്ടത്തകര്‍ച്ചയിലായി. ലിയാം ലിവിംഗ്സറ്റണ്‍(14) പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേക്ക് പിന്നാലെ ദിഗ്‌വേഷ് റാത്തിക്ക് മുന്നില്‍ വീണു, ഇതോടെ എട്ടാം ഓവറില്‍ ഹൈദരാബാദ് 26-4ലേക്ക് കൂപ്പുകുത്തി.10 ഓവര്‍ കഴിയുമ്പോള്‍ 35-4 എന്ന നിലയിലായിരുന്നു ഹൈദരാബാദ്.

 

തകര്‍ത്തടിച്ച് നിതീഷ്-ക്ലാസന്‍ സഖ്യം

പതിനൊന്നാം ഓവറില്‍ പ്രിന്‍സ് യാദവിനെ രണ്ട് സിക്സുകള്‍ക്ക് പറത്തി നിതീഷും ക്ലാസനും കരുത്തുകാട്ടി. പിന്നീട് ലക്നൗ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ചു കളിച്ച ഇരുവരും ചേര്‍ന്ന് സ്കോറുയര്‍ത്തി. ആവേശ് ഖാന്‍ എറിഞ്ഞ പതിനാലാം ഓവറില്‍ ക്ലാസന്‍ നാലു ബൗണ്ടറികള്‍ അടക്കം 19 റണ്‍സാണ് അടിച്ചെടുത്തു.ദിഗ്‌വേഷ് റാത്തി എറിഞ്ഞ പതിനഞ്ചാം ഓവറില്‍ നിതീഷ് മൂന്ന് സിക്സുകള്‍ അടക്കം 22 റണ്‍സടിച്ച് ഹൈദരാബാദിനെ 100 കടത്തി. 

 

എന്നാല്‍ പതിനെട്ടാം ഓവറില്‍ നീതീഷിനെ പുറത്താക്കി എം സിദ്ധാര്‍ത്ഥ് കൂട്ടുകെട്ട് പൊളിച്ചതോടെ ഹൈദരാബാദ് വീണ്ടും തകര്‍ന്നു. പത്തൊമ്പതാം ഓവറില്‍ ഹെന്‍റിച്ച് ക്ലാസനെയും ഹര്‍ഷ് ദുബെയെയും പുറത്താക്കിയ ആവേശ് ഖാൻ രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പ്രിന്‍സ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ ശിവാംഗ് കുമാര്‍ കൂടി പുറത്തായതോടെ ഹൈദരാബാദ് സ്കോര്‍ 156 റണ്‍സിലൊതുങ്ങി. ലക്നൗവിനായി മുഹമ്മദ് ഷമി നാലോവറില്‍ 9 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആവേശ് ഖാന്‍ 36 റണ്‍സിനും പ്രിന്‍സ് യാദവും 34 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുൽദീപിനെയും രാഹുലിനെയും പറ്റിച്ച് ഡിആര്‍എസ് എടുപ്പിച്ച് രോഹിത്, കാരണം വെളിപ്പെടുത്തി ഹിറ്റ്മാൻ
'അവന്‍ സമ്മര്‍ദ്ദമൊന്നുമില്ലാതെ കളിക്കുന്നു'; ആയുഷ് മാത്രയെ വാഴ്ത്തി സുനില്‍ ഗവാസ്‌കര്‍