
ചെന്നൈ: ഐപിഎല്‍ 2026ല്‍ വെള്ളിയാഴ്ച ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ടെങ്കിലും, യുവ ബാറ്റര്‍ ആയുഷ് മാത്രെയുടെ പ്രകടനം ചെന്നൈ സൂപ്പര്‍ കിങ്സിന് ആശ്വാസമായിരുന്നു. 209 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും അത് പ്രതിരോധിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. എന്നാല്‍ 18-കാരനായ മാത്രയുടെ പോരാട്ടം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ സീസണിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച മാത്രെ, വെറും 43 പന്തില്‍ നിന്ന് 73 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആറ് ഫോറുകളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്.
പവര്‍പ്ലേ ഓവറുകളില്‍ ക്രീസിലെത്തിയ താരം മനോഹരമായ ഷോട്ടുകളിലൂടെ സിഎസ്‌കെയെ 200 കടത്താന്‍ സഹായിച്ചു. ഇതിന് പുറമെ ശിവം ദുബെ (പുറത്താകാതെ 45), സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 32) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. മാത്രെയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പ്രതികരിച്ചു... ''മാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം മൂന്നാം നമ്പറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും അതിന്റെ യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് അദ്ദേഹം ഇന്ന് കളിച്ചത്. ഭൂതകാലത്തെക്കുറിച്ച് ആലോചിക്കാതെ വര്‍ത്തമാനകാലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ തലമുറയുടെ മനോഭാവം അതിശയിപ്പിക്കുന്നതാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.
കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന് വിജയം കണ്ടു. നായകന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനമാണ് പഞ്ചാബിനെ തുണച്ചത്. സിഎസ്‌കെയുടെ ബൗളിംഗ് നിരയിലെ പോരായ്മകളെ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി... ''ഈ ടൂര്‍ണമെന്റില്‍ ചെന്നൈ നേരിടുന്ന പ്രധാന വെല്ലുവിളി ബൗളിംഗ് തന്നെയാകും. എതിരാളികളുടെ ബാറ്റിംഗ് കരുത്ത് കണക്കിലെടുക്കുമ്പോള്‍, ബൗളര്‍മാര്‍ക്ക് ജയിക്കാന്‍ 225-230 റണ്‍സെങ്കിലും ബാറ്റിംഗ് നിര സ്‌കോര്‍ ചെയ്യേണ്ടി വരും. ചെന്നൈ തങ്ങളുടെ ബൗളിംഗ് ഉടന്‍ ശരിയാക്കേണ്ടതുണ്ട്.'' ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!