നിക്കോള്‍‌സിന് ശതകം; വെല്ലിംഗ്ടണില്‍ വിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് പൊരുതുന്നു

By Web TeamFirst Published Dec 11, 2020, 4:58 PM IST
Highlights

ബ്ലന്‍ഡലിന്‍റെ സഹ ഓപ്പണറും നായകനുമായ ടോം ലാഥമിനും തിളങ്ങാനായില്ല. 53 പന്തില്‍ 27 റണ്‍സാണ് ലാഥം നേടിയത്. ചെമാര്‍ ഹോള്‍ഡര്‍ പന്തില്‍ വിക്കറ്റ്‌കീപ്പര്‍ ജോഷ്വ പിടിച്ച് പുറത്താക്കുകയായിരുന്നു.

വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഹെന്‍‌റി നിക്കോള്‍സിന്‍റെ സെഞ്ചുറിക്കരുത്തില്‍ ആറ് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ കിവികള്‍ ആദ്യദിനം അവസാനിപ്പിച്ചു. 207 പന്തില്‍ 15 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 117 റണ്‍സുമായി നിക്കോള്‍‌സ് ക്രീസില്‍ നില്‍പുണ്ട്. ഒരു റണ്ണുമായ കെയ്‌ല്‍ ജാമീസനാണ് കൂട്ട്.

ബേസിന്‍ റിസേര്‍വില്‍ ടോസ് നേടിയ വിന്‍ഡീസ്, കിവികളെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏഴാം ഓവറില്‍ ഓപ്പണര്‍ ടോം ബ്ലന്‍‌ഡലിനെ ഷാനോന്‍ ഗബ്രിയേല്‍ ബൗള്‍ഡാക്കിയതോടെ ജാസന്‍ ഹോള്‍ഡറുടെ തീരുമാനം ശരിയെന്ന് വ്യക്തമായി. വില്‍ യംഗിന് പകരമാണ് ബ്ലന്‍‌ഡല്‍ ഓപ്പണറുടെ റോളിലെത്തിയത്.
ബ്ലന്‍ഡലിന്‍റെ സഹ ഓപ്പണറും നായകനുമായ ടോം ലാഥമിനും തിളങ്ങാനായില്ല. 53 പന്തില്‍ 27 റണ്‍സാണ് ലാഥം നേടിയത്. ചെമാര്‍ ഹോള്‍ഡര്‍ പന്തില്‍ വിക്കറ്റ്‌കീപ്പര്‍ ജോഷ്വ പിടിച്ച് പുറത്താക്കുകയായിരുന്നു.

മധ്യനിരയില്‍ കിവികളുടെ ഏറ്റവും വിശ്വസ്ത ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ റോസ് ടെയ്‌ലറും(9) ഗബ്രിയേലിന് മുന്നില്‍ അടിയറവുപറഞ്ഞതോടെ ന്യൂസിലന്‍ഡ് 20.3 ഓവറില്‍ 78.3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ 87 പന്തില്‍ 43 റണ്‍സ് നേടിയ വില്‍ യങിന്‍റെ പ്രതിരോധം കിവികളെ 150നടുത്തെത്തിച്ചു. എന്നാല്‍ വീണ്ടും ബ്രേക്ക് ത്രൂവുമായി ആഞ്ഞടിച്ചു ഷാനോന്‍ ഗബ്രിയേല്‍. 43-ാം ഓവറിലെ ആദ്യ പന്തില്‍ ഹോള്‍ഡര്‍ പിടിച്ച് വില്‍ പുറത്ത്. വില്ലിന്‍റെ ഇന്നിംഗ്‌സില്‍ 87 പന്തില്‍ 43 റണ്‍സ്.

ബിജെ വാട്‌ലിംഗിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. 51 പന്തില്‍ 30 റണ്‍സ് നേടിയ വാട്‌ലിംഗിനെ അല്‍സാരി ജോസഫ് ബൗള്‍ഡാക്കി. എന്നാല്‍ ഒരറ്റത്ത് പൊരുതി നിന്ന ഹെന്‍‌റി നിക്കോള്‍സ്, ഡാരി മിച്ചലിനെ കൂട്ടുപിടിച്ച് സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു. നിക്കോള്‍ 179 പന്തില്‍ ആറാം ടെസ്റ്റ് ശതകം
തികച്ചു. എന്നാല്‍ മൂന്ന് ഓവറുകളുടെ ഇടവേളയില്‍ മിച്ചലിനെ എല്‍ബിയില്‍ കുടുക്കി ചെമാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 68 പന്തില്‍ 42 റണ്‍സായിരുന്നു സമ്പാദ്യം. കൂടുതല്‍ വിക്കറ്റ് നാശമില്ലാതെ നിക്കോള്‍‌സ്-ജാമീസന്‍ സഖ്യം ആദ്യദിനം അവസാനിപ്പിച്ചു.

click me!