ബാറ്റിംഗ് നിര തവിടുപൊടി, ബുമ്ര ടോപ് സ്‌കോറര്‍; ഇന്ത്യ 194ല്‍ പുറത്ത്

By Web TeamFirst Published Dec 11, 2020, 1:35 PM IST
Highlights

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് അര്‍ധ സെഞ്ചുറി തികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

സിഡ്‌നി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 194 റണ്‍സില്‍ പുറത്ത്. ഓസീസ് പേസാക്രമണത്തില്‍ വലഞ്ഞ് അജിങ്ക്യ രഹാനെയും സംഘവും 48.3 ഓവറില്‍ അടിയറവ് പറയുകയായിരുന്നു. അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് അര്‍ധ സെഞ്ചുറി തികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസ് എയ്‌ക്കായി ആബട്ടും വൈള്‍ഡര്‍മതും മൂന്ന് വീതം വിക്കറ്റ് നേടി. എട്ട് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു വൈള്‍ഡര്‍മതിന്‍റെ പ്രകടനം. 

പിങ്കില്‍ കണ്ണുതെറ്റി ബാറ്റ്സ്‌മാന്‍മാര്‍

പിങ്ക് പന്തില്‍ ലൈനും ലെങ്തും തിരിച്ചറിയാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ബുദ്ധിമുട്ടുന്ന കാഴ്‌ചയാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കേ മൂന്നാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(2) ആബട്ടിന്‍റെ പന്തില്‍ ബേണ്‍സിന്‍റെ കൈകളില്‍ വിശ്രമിച്ചു. എന്നാല്‍ ടി20 ശൈലിയില്‍ തുടങ്ങിയ പൃഥ്വി ഷാ മുന്നേറി. എങ്കിലും 29 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം 40 റണ്‍സെടുത്ത് നില്‍ക്കേ ഒന്‍പതാം ഓവറില്‍ വില്‍ സതര്‍ലന്‍ഡ് ബൗള്‍ഡാക്കി. 

പിടിച്ചുനിന്ന് ഗില്‍, വീഴ്‌ത്തി ഗ്രീന്‍

58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് പിന്നീട് പിടിച്ചുനിന്നത്. കാമറൂണ്‍ ഗ്രീനിനായിരുന്നു ഗില്ലിന്‍റ വിക്കറ്റ്. 15 റണ്‍സെടുത്ത ഹനുമ വിഹാരിയെ വൈള്‍ഡര്‍മത് ബൗള്‍ഡാക്കി. നായകന്‍ അജിങ്ക്യ രഹാനെ 10 പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് വൈള്‍ഡര്‍മത്തിന്‍റെ തന്നെ പന്തില്‍ അലക്‌സ് കാരേയുടെ കൈകളില്‍ അവസാനിച്ചു. അഞ്ച് റണ്‍സ് മാത്രമെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും വൈള്‍ഡര്‍മത് മടക്കി. ഇതോടെ 25.5 ഓവറില്‍ 111-6 എന്ന നിലയില്‍ ചായക്ക് പിരിഞ്ഞു. 

51 റണ്‍സിനിടെ ഏഴ് വിക്കറ്റ്!

ചായക്ക് ശേഷമുള്ള അഞ്ചാം ഓവറില്‍ ഇന്ത്യക്ക് അടുത്ത തിരിച്ചടി നേരിട്ടു. 22 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കും മുമ്പ് വൃദ്ധിമാന്‍ സാഹയെ ആബട്ട്, സതര്‍ലന്‍ഡിന്‍റെ കൈകളിലെത്തിച്ചു. ഓരോവറിന്‍റെ ഇടവേളയില്‍ മുഹമ്മദ് ഷമിയും പൂജ്യത്തില്‍ വീണു. ഈ വിക്കറ്റും ആബട്ടിന്. 36-ാം ഓവറിലെ ആദ്യ പന്തില്‍ നവ്‌ദീപ് സെയ്‌നിയെ(4) കോണ്‍വേ, മാഡിന്‍സണിന്‍റെ കൈകളിലെത്തിച്ചു. ഒരവസരത്തില്‍ 8.5 ഓവറില്‍ 72-2 എന്ന നിലയിലായിരുന്ന ഇന്ത്യ ഇതോടെ 35.1 ഓവറില്‍ 123-9 എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തി. 

ബാറ്റുകൊണ്ട് ബും ബും ബുമ്ര

എന്നാല്‍ പത്താം വിക്കറ്റില്‍ വീരോജിതമായി ബാറ്റ് വീശി ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും. 54 പന്തില്‍ ബുമ്ര അര്‍ധ സെഞ്ചുറി തികച്ചു. സതര്‍ലന്‍ഡിനെ സിക്‌സറിന് പറത്തിയായിരുന്നു അമ്പതിലെത്തിയത്. ആറ് ഫോറും രണ്ട് സിക്‌സും ഇതിനിടെ ബൗണ്ടറിയിലെത്തി. 49-ാം ഓവറില്‍ സിറാജിനെ(34 പന്തില്‍ 22) സ്വപ്‌ടണ്‍ ഹാരിസിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഇന്ത്യ 194 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ബുമ്ര 57 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇന്ത്യൻ ഏകദിന ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കോലിയെന്ന് ഗാവസ്‌കര്‍; ഹെയ്‌ഡന് വിയോജിപ്പ്
    

click me!