
ട്രിനിഡാഡ്: ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയ ശേഷം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇതുവരെ 12 ഇന്നിംഗ്‌സുകളാണ് സഞ്ജു കളിച്ചത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടും. 55.71 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. സ്‌ട്രൈക്ക് റേറ്റ് 104. ഇതില്‍ അഞ്ച് തവണ സഞ്ജു പുറത്താവാതെ നിന്നു. നാലാം നമ്പറില്‍ കളിച്ചപ്പോള്‍ 51-ാണ് ശരാശരി. അഞ്ചാം നമ്പറില്‍ 52. ആറാം നമ്പറില്‍ 90 റണ്‍സ് ശരാശരിയിലും സഞ്ജു റണ്‍സ് കണ്ടെത്തി.
ഇതിനിടെ ചില കണക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 12 ഏകദിന ഇന്നിംഗ്‌സുകള്‍ കഴിഞ്ഞപ്പോള്‍ സഞ്ജുവിന്റെ കണക്കുകള്‍ വിരാട് കോലിയോട് താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇക്കാര്യത്തില്‍ സഞ്ജു തന്നെയാണ് മുന്നില്‍. കോലി 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 377 റണ്‍സാണ് നേടിയിരുന്നത്. ശരാശരി 37.70. മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 73.92 സട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം.
മറുവശത്ത് സഞ്ജു 390 റണ്‍സാണ് നേടിയത്. ശരാശരി 55.71. സ്‌ട്രൈക്ക് റേറ്റ് 104. കോലിയെ പോലെ മൂന്ന് അര്‍ധ സെഞ്ചുറികളും സഞ്ജു സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 63 പന്തില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് സ്ഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ 41 പന്തില്‍ 51 റണ്‍സാണ് സഞ്ജു നേടിയത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.
രണ്ടാം ഏകദിനത്തിലെ പോലെ പരീക്ഷണ ടീമിനെയാണ് ഇന്ത്യ ഇന്നും ഇറക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മാത്രമല്ല, രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പുറത്തായി. ഗെയ്കവാദ്, ജയ്‌ദേവ് ഉനദ്ഖട് എന്നിവരാണ് പകരക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!