
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിലനിര്‍ത്തിയെങ്കിലും രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും വൈകാതെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുശേഷം 36കാരനായ രോഹിത് ഏകദിന ക്യാപ്റ്റന്‍സിയും കൈവിട്ടാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ ഏകദിന നായകനാവുമെന്നാണ് കരുതുന്നത്.
ഇതിനിടെ ഹാര്‍ദ്ദിക്കിനെ ഇന്ത്യയുടെ ടെസ്റ്റ് നായകനായും പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. 2018ല്‍ ഇന്ത്യക്കായി അവസാനം ടെസ്റ്റ് കളിച്ച ഹാര്‍ദ്ദിക് പിന്നീട് പരിക്കുമൂലം ടെസ്റ്റില്‍ കളിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഒരേയൊരു മത്സരത്തിനായി ടെസ്റ്റില്‍ മടങ്ങിവരാന്‍ ഹാര്‍ദ്ദിക്കിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ശാരീരികക്ഷമതയുടെ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നു.
രോഹിത്തിന് പകരം ഹാര്‍ദ്ദിക്കിനെ ഇന്ത്യയുടെ ടെസ്റ്റ് നായകനായും പരിഗണിക്കാമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി ഇപ്പോള്‍. ഹാര്‍ദ്ദിക്കിന്‍റെ ശരീരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പാകമല്ലെന്നും അക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും വ്യക്തത വേണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഏകദിന ലോകകപ്പിനുശേഷം കായികക്ഷമത നിലനിര്‍ത്താനായാല്‍ ഹാര്‍ദ്ദിക്കിന് വേണമെങ്കില്‍ ഏകദിന നായകസ്ഥാനവും ഏറ്റെടുക്കാവുന്നതാണെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇനി ഹാര്‍ദ്ദിക്കിന്‍റെ ശരീരം അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.
രോഹിത്തിനും കോലിക്കും കൂടി പൂര്‍ണ വിശ്രമം അനുവദിക്കാമായിരുന്നു; തുറന്നു പറഞ്ഞ് ഗവാസ്കര്‍
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സീനീയര്‍ താരങ്ങളെ ഒഴിവാക്കിയാലും പകരം യുവതാരങ്ങള്‍ ഇന്ത്യയെ നയിക്കാന്‍ തയാറായി നില്‍ക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ഐപിഎല്‍ ഉള്ളതുകൊണ്ട് നമുക്ക് പ്രതിഭയുളള ഒട്ടേറെ താരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തിളങ്ങുന്നതുകൊണ്ടു മാത്രം ഒരാള്‍ സ്വാഭാവികമായും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ യോഗ്യനാവില്ല. അതിന് അയാളുടെ റെഡ് ബോള്‍ റെക്കോര്‍ഡുകളും കരുത്തും പോരായ്മകളുമെല്ലാം വിലയിരുത്തേണ്ടിവരും. സെലക്ടര്‍മാരുമായി ആലോചിച്ച ശേഷമെ സാഹചര്യങ്ങള്‍ക്കനുസരിച്ച് യുവതാരങ്ങള്‍ക്ക് റെഡ് ബോള്‍ ക്രിക്കറ്റില്‍ അവസരം നല്‍കാനാവു എന്നും രവി ശാസ്ത്രി പറഞ്ഞു.