ഏകദിന ലോകകപ്പ് ഇങ്ങരികെ! ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് സ്വന്തം നാട്ടിലെ തകര്‍പ്പന്‍ പ്രകടനം

By Web TeamFirst Published Jan 23, 2023, 9:33 PM IST
Highlights

2012-.13 സീസണില്‍ പാകിസ്ഥാനെതിരെയും 2015-16ല്‍ ദക്ഷിണാഫ്രിക്കയും 2018-19ല്‍ ഓസ്‌ട്രേലിയയും മാത്രമാണ് 14 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്.

ഇന്‍ഡോര്‍: ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സ്വന്തം നാട്ടിലെ പ്രകടനം. അവസാന 27 പരമ്പരകളില്‍ മൂന്നില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. റായ്പൂരില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം ടീം ഇന്ത്യക്ക് നല്‍കിയത് 2009ന് ശേഷമുളള ഇരുപത്തിനാലാമത്തെ ഏകദിന പരമ്പര വിജയമാണ്. 2009ന് ശേഷം ഇന്ത്യ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ചത് 27 ഏകദിന പരമ്പരകള്‍. ഇതില്‍ തോല്‍വി നേരിട്ടത് മൂന്നില്‍ മാത്രം. 

2012-.13 സീസണില്‍ പാകിസ്ഥാനെതിരെയും 2015-16ല്‍ ദക്ഷിണാഫ്രിക്കയും 2018-19ല്‍ ഓസ്‌ട്രേലിയയും മാത്രമാണ് 14 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. 2019ന് ശേഷം വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ ഏഴ് പരമ്പരകളില്‍ ഇന്ത്യ ജയിച്ചു. ഇതില്‍ വിന്‍ഡീസിനെതിരെയും ലങ്കയ്‌ക്കെതിരെയും പരമ്പര തൂത്തുവാരി. ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യ ലക്ഷ്യമിടുന്നത് സമ്പൂര്‍ണ വിജയം. 

ഇന്ത്യ ആകെ ജയിച്ചത് 72 ഏകദിനങ്ങളില്‍. തോറ്റത് 28ല്‍ മാത്രം. ഒരുകളി ടൈ. രണ്ട് ഏകദിനം ഉപേക്ഷിച്ചു. വിജയശതമാനം 71.78. 27 പരമ്പരകളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിരാട് കോലിയാണ്. 93 ഇന്നിംഗ്‌സില്‍ 21 സെഞ്ച്വറികളോടെ 5100 റണ്‍സ്. 69 ഇന്നിംഗ്‌സില്‍ 11 സെഞ്ച്വറികളോടെ 3820 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമന്‍ മുന്‍നായകന്‍ എം എസ് ധോണി. 56 ഇന്നിംഗ്‌സില്‍ നാല് സെഞ്ച്വറിയോടെ 2186 റണ്‍സ്.

പേസ് ബൗളമാര്‍മാരില്‍ മുന്നില്‍ മുഹമ്മദ് ഷമി. 274 ഓവറില്‍ 52 വിക്കറ്റ്. ഭുവനേശ്വര്‍കുമാര്‍ 50ഉം ജസ്പ്രീത് ബുംറ 40 വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍മാരില്‍ മുന്നില്‍ രവീന്ദ്ര ജഡേജയാണ്. 517 ഓവറില്‍ 83 വിക്കറ്റ്. രണ്ടാമതുള്ള അശ്വിന് 61ഉം മൂന്നാമതുള്ള കുല്‍ദീപ് യാദവിന് 52ഉം വിക്കറ്റ്.

കെ എല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; ആശംസകള്‍ നേര്‍ന്ന് വിരാട് കോലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

click me!