വിവാഹത്തിന് ശേഷം രാഹുല്‍ ഇന്‍സ്റ്റ്ഗ്രാമിലിട്ട പോസ്റ്റിന് താഴെ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്.

മുംബൈ: ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ അതിയാ ഷെട്ടിയാണ് വധു, ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം വിവാഹ വിരുന്ന് പ്രത്യേകമായി നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വിവാഹത്തിന് ശേഷം രാഹുല്‍ ഇന്‍സ്റ്റ്ഗ്രാമിലിട്ട പോസ്റ്റിന് താഴെ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്. രാഹുലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു... ''എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാന്‍ പഠിച്ചത്, നീ നല്‍കിയ വെളിച്ചത്തില്‍ നിന്നുകൊണ്ടാണ്. ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണമെന്ന് സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' രാഹുല്‍ കുറിച്ചിട്ടു. പോസറ്റ് വായിക്കാം...

View post on Instagram

ഇരുവരും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. വിവാഹത്തിന് മുന്നോടിയായി കെ എല്‍ രാഹുലിന്റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ആരൊക്കെ വിവാഹത്തിനെത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. 

മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമെല്ലാം എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ബോളിവുഡ് താരവും സുനില്‍ ഷെട്ടിയുടെ അടുത്ത സുഹൃത്തുമായ അജയ് ദേവ്ഗണ്‍ താരവിവാഹത്തിന് ആശംസകളുമായി ട്വീറ്റ് ചെയ്തു. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും പിന്നാലെ ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലും അടക്കം തിരക്കിട്ട മത്സരക്രമം കണക്കിലെടുത്ത് ഐപിഎല്ലിനുശേഷമായിരിക്കും ഇവരുവരും വിവാഹസല്‍ക്കാരം നടത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിനായി ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രാഹുല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചത്തുമെന്നാണ് കരുതുന്നത്.

വനിതാ ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ സ്വന്തമാക്കാനില്ല; മറ്റുരണ്ട് പ്രമുഖരും പിന്മാറി