ബാബര്‍ പൊരുതിയിട്ടും വിന്‍ഡീസിനെതിരെയും തോറ്റ് നാണംകെട്ട് പാകിസ്ഥാൻ; സഹതാരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകൻ

Published : Jul 29, 2026, 09:50 AM IST
Babar Azam

Synopsis

2023ൽ ശ്രീലങ്കക്കെതിരെ ജയിച്ചശേഷം വിദേശത്ത് ടെസ്റ്റ് മത്സരം ജയിച്ചിട്ടില്ലാത്ത പാകിസ്ഥാന്‍റെ വിദേശത്തെ തുര്‍ച്ചയായ എട്ടാമത്തെ ടെസ്റ്റ് തോല്‍വിയാണിത്. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന രണ്ടാമത്തെ മാത്രം ജയമാണിത്.

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് നാണംകെട്ട തോല്‍വി. 211 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി 90 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ക്യാപ്റ്റനായി വീണ്ടും ചുമതലയേറ്റ ബാബര്‍ അസം 58 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും 23 റണ്‍സെടുത്ത വാലറ്റക്കാരന്‍ മുഹമ്മദ് അബ്ബാസും 11 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. 20 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ജെയ്ഡന്‍ സീല്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്റ്റിന്‍ ഗ്രീവ്സും കെമര്‍ റോച്ചും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.

2023ൽ ശ്രീലങ്കക്കെതിരെ ജയിച്ചശേഷം വിദേശത്ത് ടെസ്റ്റ് മത്സരം ജയിച്ചിട്ടില്ലാത്ത പാകിസ്ഥാന്‍റെ വിദേശത്തെ തുര്‍ച്ചയായ എട്ടാമത്തെ ടെസ്റ്റ് തോല്‍വിയാണിത്. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന രണ്ടാമത്തെ മാത്രം ജയമാണിത്. നേരത്തെ നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 181 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ ഔട്ടായിരുന്നു.

 

വിന്‍ഡീസിനെതിരെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ സ്വന്തം ബാറ്റിംഗ് നിരയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ബാബർ അസം പ്രതികരിച്ചത്. മത്സരഫലം എല്ലായ്പ്പോഴും നമ്മുടെ കൈകളിലായിരിക്കില്ല. കഴിഞ്ഞ രണ്ട് ദിവസം ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത്. എന്നാൽ ഇന്ന് ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ തീർത്തും പരാജയപ്പെട്ടു. ബാറ്റിംഗ് നിര തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് തോല്‍വിക്ക് കാരണമായതെന്ന് ബാബര്‍ പറഞ്ഞു. നാലാം ദിനം പുതിയ പന്തിൽ സ്വിംഗ് സ്വാഭാവികമാണെന്നും വിൻഡീസ് ബൗളർമാർ സാഹചര്യം നന്നായി മുതലെടുത്തുവെന്നും ബാബർ പറഞ്ഞു.

 

എങ്കിലും നിർണായകമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിൽ ബാറ്റർമാർ പരാജയപ്പെട്ടതാണ് തോൽവിയിലേക്ക് നയിച്ചതെന്നും ബാബര്‍ കൂട്ടിച്ചേർത്തു. വിരലിന് പൊട്ടലുണ്ടായിട്ടും എട്ടാമനായി ക്രീസിലിറങ്ങിയ മുൻ നായകൻ ഷാൻ മസൂദിന്‍റെ പരിക്കും തോൽവിക്ക് കാരണമായതായി ബാബർ വ്യക്തമാക്കി. ഷാൻ മസൂദിന്റെ വിരലിന്‍റെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തിന്‍റെ അഭാവം ബാറ്റിംഗിനെ ബാധിച്ചു. എങ്കിലും പുതിയ പന്തിൽ ആദ്യ 20 ഓവറുകൾ അതിജീവിച്ച് കൂട്ടുകെട്ടുകൾ ഉണ്ടാക്കുകയായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. പന്തിന് പഴക്കം ചെല്ലുമ്പോൾ ബാറ്റിംഗ് എളുപ്പമാകുമായിരുന്നു, എന്നാൽ ആ പ്ലാൻ നടപ്പിലാക്കാൻ ആർക്കും സാധിച്ചില്ലെന്നും ബാബര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ
'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ