സംഭവം തീപാറും; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്‍റി 20 തല്‍സമയം കാണാനുള്ള വഴികള്‍

By Web TeamFirst Published Jan 26, 2023, 4:21 PM IST
Highlights

നാളെ റാഞ്ചിയില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി 20 പരമ്പര ആരംഭിക്കുക

റാഞ്ചി: ഇനി ന്യൂസിലന്‍ഡിന് എതിരെ ട്വന്‍റി 20 ആവേശമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ നേത‍ൃത്വത്തില്‍ യുവരക്തങ്ങളുടെ സംഘമിറങ്ങുമ്പോള്‍ ആവേശം കൂടും. ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ കളിച്ച മിക്ക താരങ്ങളും ടീമിലുണ്ട്. കിവികള്‍ക്കെതിരെ ഏകദിന പരമ്പര 3-0ന് തൂത്തുവാരി ടീം ഇന്ത്യ ഇറങ്ങുന്നത് ആരാധകര്‍ക്ക് മറ്റൊരു ഊര്‍ജം. ഇന്ത്യയുടെ ഭാവി ട്വന്‍റി 20 ടീമിനെ മെരുക്കിയെടുക്കുന്നതില്‍ നിര്‍ണായകമാകുന്ന പരമ്പര കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി 20 മത്സരങ്ങള്‍ ഇന്ത്യയില്‍ തല്‍സമയം കാണാനുള്ള വഴികള്‍ അറിയാം. 

നാളെ റാഞ്ചിയില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി 20 പരമ്പര ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടെയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്‌പോര്‍ട്‌സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്‍റെ സംപ്രേഷകര്‍. ഓസ്ട്രേലിയയില്‍ ഫോക്‌സ് സ്‌പോര്‍ട്‌സിലൂടെയും മത്സരം തല്‍സമയം കാണാം. 

വിരാട് കോലി, രോഹിത് ശര്‍മ്മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഫോമിലുള്ള പൃഥ്വി ഷായാണ് പരമ്പരയുടെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. ടി20 ഫോര്‍മാറ്റില്‍ വിസ്‌മയ ഫോമിലുള്ള സൂര്യകുമാര്‍ യാദവിനൊപ്പം മികവ് കാട്ടാന്‍ രാഹുല്‍ ത്രിപാഠി, ഉമ്രാന്‍ മാലിക്, ഇഷാന്‍ കിഷന്‍ തുടങ്ങി യുവനിര കാത്തിരിക്കുകയാണ്. റാഞ്ചിയിലെ ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍. 

റാഞ്ചിയില്‍ മഞ്ഞ് കളിക്കുമോ, എന്താകും പിച്ചിന്‍റെ സ്വഭാവം; ഇന്ത്യ-കിവീസ് ആദ്യ ടി20യില്‍ അറിയേണ്ടത്

click me!