സെലക്ടര്‍മാരുടെ തെരഞ്ഞെടുപ്പിലും കോലി ഇഫക്ട്; നിര്‍ണായകമായത് ആ ചോദ്യം

By Web TeamFirst Published Mar 5, 2020, 6:00 PM IST
Highlights

സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുത്താലും അവരെ ആത്യന്തികമായി ഗ്രൗണ്ടില്‍ നയിക്കേണ്ടത് ക്യാപ്റ്റനാണ്. അപ്പോള്‍ അദ്ദേഹവുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ആളായിരിക്കണം ചീഫ് സെലക്ടര്‍.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സുനില്‍ ജോഷിയെയും അംഗമായി ഹര്‍വീന്ദര്‍ സിംഗിനെയും തെരഞ്ഞെടുത്തതിലും വിരാട് കോലി ഇഫക്ടുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഉപദേശക സമിതി അംഗമായ മദന്‍ ലാല്‍. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിയുമായി എങ്ങനെ ആശയവിനിമയം നടത്തുമെന്ന ചോദ്യത്തിന് മികച്ച ഉത്തരം നല്‍കിയത് സുനില്‍ ജോഷിയും ഹര്‍വീന്ദര്‍ സിംഗുമായിരുന്നുവെന്ന് മദന്‍ ലാല്‍ പിടിഐയോട് പറഞ്ഞു.

ഉന്നത നിലാവരത്തിലുള്ള പ്രകടനം പുറത്തെടുക്കുന്ന കളിക്കാരനാണ് ഇന്ത്യയുടെ നായകന്‍. സ്വാഭാവികമായും അദ്ദേഹവുമായും ടീം മാനേജ്മെന്റുമായും സെലക്ടര്‍മാര്‍ എങ്ങനെ ഇടപെടുന്നുവെന്നും ആശയവിനിമയം നടത്തുന്നുവെന്നതും പ്രധാനമാണ്. അഭിമുഖത്തിലുടനീളം ഇക്കാര്യം ഞങ്ങഴുടെ മനസിലുണ്ടായിരുന്നു. കാരണം ടീം സെലക്ഷനില്‍ ക്യാപ്റ്റന്റെ തീരുമാനം പ്രധാനമാണ്.

സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുത്താലും അവരെ ആത്യന്തികമായി ഗ്രൗണ്ടില്‍ നയിക്കേണ്ടത് ക്യാപ്റ്റനാണ്. അപ്പോള്‍ അദ്ദേഹവുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ആളായിരിക്കണം ചീഫ് സെലക്ടര്‍. ഞങ്ങളുടെ ഈ ആശങ്കക്ക് ഏറ്റവും നല്ല മറുപടി നല്‍കിയവര്‍ സുനില്‍ ജോഷിയും ഹര്‍വീന്ദര്‍ സിംഗുമാണ്. അതിനാലാണ് ഇരുവരെയും തെരഞ്ഞെടുത്തതെന്നും മദന്‍ ലാല്‍ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ എംഎസ്കെ പ്രസാദിന്റെ പിന്‍ഗാമിയായാണ് 49കാരനായ സുനില്‍ ജോഷി സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായത്. വെങ്കിടേഷ് പ്രസാദ്, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍ എന്നിവരെ മറികടന്നാണ് സുനില്‍ ജോഷിയെ ഉപദേശക സമിതി തെരഞ്ഞെടുത്തത്.

click me!