
മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. പരിക്കിനെ തുടർന്ന് വിരാട് കോലി പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെ മുൻ നായകൻ രോഹിത് ശർമ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. കോലിയെപ്പോലോ ഐപിഎല്ലിനിടെ തുടയിലേറ്റ പരിക്കാണ് രോഹിത്തിനും വില്ലനായിരിക്കുന്നത്.
രോഹിത്തിനോടും ഹാര്‍ദിക് പാണ്ഡ്യയോടും ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ ഫിറ്റ്‌നസ് പരിശോധനയ്ക്കായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും രോഹിത് ഇതുവരെ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിട്ടില്ല. ഇവിടെ നടക്കുന്ന കായികക്ഷമതാ പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ രോഹിതിന് പരമ്പരയിൽ കളിക്കാനാകൂ.
ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായിട്ടാണ് രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും നിലവിൽ പ്രഖ്യാപിച്ച ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ പാണ്ഡ്യ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പാണ്ഡ്യക്ക് പന്തെറിയാൻ പൂർണ്ണ ഫിറ്റ്‌നസ് ഉണ്ടെങ്കിൽ മാത്രമേ ഏകദിന പരമ്പരക്കുള്ള അന്തിമ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ഐപിഎൽ 2026 സീസണിൽ പുറംവേദനയെ തുടർന്ന് പാണ്ഡ്യക്ക് ചില മത്സരങ്ങൾ നഷ്ടമായിരുന്നു. സമാനമായ രീതിയിൽ രോഹിത് ശർമ്മയും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.
രോഹിത് ശർമ്മ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ടീമിലേക്ക് തിരിച്ചുവിളിക്കാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നുണ്ട്. തന്‍റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും ജയ്‌സ്വാളിനെ ആദ്യ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ശുബ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ എന്നീ പേസർമാരും ഇടംകൈയ്യൻ സ്പിന്നർ ഹർഷ് ദുബെയും ഉൾപ്പെടെ മൂന്ന് പുതുമുഖങ്ങളുണ്ട്. മുൻപ് ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഉണ്ടായിരുന്ന ധ്രുവ് ജുറൽ, ആയുഷ് ബദോനി, പരിക്കേറ്റ ഹർഷിത് റാണ എന്നിവർക്ക് ഇത്തവണ സ്ഥാനമില്ല. ജൂൺ 13-ന് ധർമ്മശാലയിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരം. രണ്ടാമത്തെ മത്സരം ജൂൺ 17-ന് ലഖ്‌നൗവിലും മൂന്നാമത്തേത് ജൂൺ 20-ന് ചെന്നൈയിലും നടക്കും.
ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!