ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി നല്‍കിയത് 30 കോടിയിലധികം സമ്മാനത്തുക! പാകിസ്ഥാന് ഏറ്റവും കുറവ്, മൂന്നാമതെത്തിയ ഇന്ത്യക്ക് 12.31 കോടി

Published : Jun 15, 2025, 03:10 PM IST
Cricket South Africa

Synopsis

റണ്ണറപ്പായ ഓസ്ട്രേലിയയ്ക്ക് 18.46 കോടി. മൂന്നാമതെത്തിയ ഇന്ത്യയ്ക്ക് 12.31 കോടിയും ലഭിച്ചു.

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് സമ്മാനത്തുകയായി ലഭിച്ചത് 30.78 കോടി രൂപ. ഓസ്‌ട്രേലിയക്കെതിരെ ലോര്‍ഡ്സില്‍ അവസാനിച്ച മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 282 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്സ് നിര്‍ണായകമായി. ഒമ്പത് വിക്കറ്റ് നേടിയ കഗിസോ റബാദയുടം ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു.

ഓസീസിന് 18.46 കോടി രൂപയാണ് ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 12.31 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. നാലാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡിന് 10.26 കോടി രൂപയും സമ്മാനത്തുകയായി ലഭിച്ചു. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിന് 8.2 കോടി രൂപയും ആറാമതെത്തിയ ശ്രീലങ്കക്ക് 7.18 കോടിയും ലഭിച്ചു. ഏഴാം സ്ഥാനത്തെത്തിയ ബംഗ്ലാദേശിന് 6.15 കോടിയും എട്ടാമത് എത്തിയ വെസ്റ്റ് ഇന്‍ഡീസിന് 5.13 കോടിയും ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പാകിസ്ഥാന് 4.10 കോടി രൂപയുമാണ് സമ്മാനത്തുകയായി ഐസിസി നല്‍കിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസാനം കളിച്ച രണ്ട് പരമ്പരകളിലെ മോശം പ്രകടനമാണ് ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നം ഇല്ലാതാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഒന്നാമതായിരുന്ന ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്‍ഡിനോട് 0-3ന്റെ അവിശ്വസനീയ തോല്‍വി വഴങ്ങി.

പിന്നാലെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി തോറ്റ് പരമ്പര 1-3ന് കൈവിട്ടതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. ഈ മാസം 20 മുതല്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് അടുത്ത (2025-27) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം