സ്മൃതിയും പ്രതികയും നല്‍കിയ തുടക്കം മുതലാക്കി ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരെ കൂറ്റന്‍ സ്‌കോര്‍, സതര്‍ലാന്റിന് അഞ്ച് വിക്കറ്റ്

Published : Oct 12, 2025, 06:51 PM IST
Smriti Mandhana  in action against Australia

Synopsis

വനിതാ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 331 റൺസ് വിജയലക്ഷ്യം വെച്ചു. സ്മൃതി മന്ദാനയുടെയും (80) പ്രതിക റാവലിന്റെയും (75) അർദ്ധസെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 331 റണ്‍സ് വിജയലക്ഷ്യം. വിശാഖപട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്‌സിന് മൂന്ന് വിക്കറ്റുണ്ട്.

ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 155 റണ്‍സ് ചേര്‍ത്തു. സ്മൃതി ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിക സൂക്ഷ്മതയോടെ കളിച്ചു. 25-ാം ഓവറില്‍ മാത്രമാണ് ഓസീസിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സ്മൃതിയെ മൊളിനെക്‌സ് പുറത്താക്കുകയായിരുന്നു. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (38) - പ്രതികയ്‌ക്കൊപ്പം 37 റണ്‍സ് കൂട്ടിചേര്‍ത്തു. 31-ാം ഓവറില്‍ പ്രതികയും മടങ്ങി. അന്നാബെല്‍, ഫൈന്‍ ലെഗില്‍ എല്ലിസ് പെറിയുടെ കൈകളിലെത്തിക്കുകയായിരുന്നു പ്രതികയെ. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

തുടര്‍ന്നെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (22) തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. ഹര്‍ലീന്‍ കൂടി പോയതോടെ 37.2 ഓവറില്‍ നാലിന് 240 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ചാ ഘോഷ് (22 പന്തില്‍ 32) - ജെമീമ റോഡ്രിഗസ് (21 പന്തില്‍ 33) കൂട്ടുകെട്ട് 54 റണ്‍സ് കൂട്ടിചേര്‍ത്തു. റിച്ചയാണ് ആദ്യം മടങ്ങുന്നത്. പിന്നാലെ ജമീമയും. തുടര്‍ന്നെത്തിയ ദീപ്തി ശര്‍മ (1), ക്രാന്തി ഗൗത് (1), ശ്രീചരണി (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. അമന്‍ജോത് കൗര്‍ 16 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌നേഹ് റാണ (8) പുറത്താവാതെ നിന്നു.

നേരത്തെ, ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. വാറെഹമിന് പകരം സോഫി മൊളിനെക്‌സ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്ട്രേലിയ: അലീസ ഹീലി (ക്യാപ്റ്റന്‍), ഫീബ് ലിച്ച്ഫീല്‍ഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലീ ഗാര്‍ഡ്നര്‍, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്‌സ്, കിം ഗാര്‍ത്ത്, അലാന കിംഗ്, മേഗന്‍ ഷട്ട്.

ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍