കത്തിക്കയറി പൊള്ളാര്‍ഡ്; വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Nov 27, 2020, 2:45 PM IST
Highlights

ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ (37 പന്തില്‍ പുറത്താവാതെ 75) വെടിക്കെട്ട് പ്രകടനാണ് വിന്‍ഡീസിന് കൂറ്റന്‍സ്‌കോര്‍ സമ്മാനിച്ചത്.

ഓക്‌ലന്‍ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം. മഴ കാരണം 16 ഓവറാക്കി ചുരക്കിയ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ (37 പന്തില്‍ പുറത്താവാതെ 75) വെടിക്കെട്ട് പ്രകടനാണ് വിന്‍ഡീസിന് കൂറ്റന്‍സ്‌കോര്‍ സമ്മാനിച്ചത്. ഫാബിയന്‍ അലന്‍ (30), ആന്ദ്രേ ഫ്‌ളച്ചര്‍ (14 പന്തില്‍ 34) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ലോക്കി ഫെര്‍ഗൂസണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തിക്ക് രണ്ട് വിക്കറ്റുണ്ട്. 

ബ്രന്‍ഡണ്‍ കിംഗിനൊപ്പം (10 പന്തില്‍ 13) തകര്‍പ്പന്‍ തുടക്കാണ് ഫ്‌ളെച്ചര്‍ സന്ദര്‍ശകര്‍ക്ക് നല്‍കിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 50 കടന്നു. എന്നാല്‍ നാലാം ഓവര്‍ എറിയാനെത്തിയ ഫെര്‍ഗൂസണിന്റെ പന്തില്‍ ഫ്‌ളെച്ചര്‍ മടങ്ങി. പിന്നീട് നാല് വിക്കറ്റുകള്‍ ഞൊടിയിടയില്‍ വിന്‍ഡീസിന് നഷ്ടമായി. ഷിംറോ ണ്‍ ഹെറ്റ്മയേര്‍ (0), നിക്കോളാസ് പുരാന്‍ (1), റോവ്മാന്‍ പവല്‍ (0) എന്നിവര്‍ക്കൊപ്പം ഓപ്പണര്‍ കിംഗും മടങ്ങി. ഒന്നിന് 58 എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് അഞ്ചിന് 59 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ച് വിക്കറ്റുകില്‍ മൂന്നും ഫെര്‍ഗൂസണായിരുന്നു.

എന്നാല്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച പൊള്ളാര്‍ഡ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഫാബിയന്‍ അലന്‍ മികച്ച പിന്തുണ നല്‍കി. ഇരുവരും 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 37 പന്തുകള്‍ മാത്രം നേരിട്ട പൊള്ളാര്‍ഡ് എട്ട് സിക്‌സിന്റേയും നാല് ഫോറിന്റേയും സഹായത്തോടെ 75 റണ്‍സ് നേടി പുറത്താവാതെ നിന്നു. അലന്‍, കീമോ പോള്‍ എന്നിവരെ പുറത്താക്കി ഫെര്‍ഗൂസണ്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന് 46 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), ടിം സീഫെര്‍ട്ട് (17) എന്നിവരാണ് മടങ്ങിയത്. ഷെല്‍ഡണ്‍ കോട്ട്രല്‍, ഒഷാനെ തോമസ് എന്നിവര്‍ക്കാണ് വിക്കറ്റ്. ഗ്ലെന്‍ ഫിലിപ്പ് (12), അരങ്ങേറ്റക്കാരന്‍ ഡേവോണ്‍ കോണ്‍വേ (10) എന്നിവരാണ് ക്രീസില്‍.

click me!