
കൊച്ചി: താരലേലം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു ലേലനടപടികള്‍ നിയന്ത്രിച്ച ഹ്യൂ എഡ്മീഡ്‌സ്. കഴിഞ്ഞ തവണത്തെ അപകടത്തിന്റെ പശ്താത്തലത്തില്‍ നിരവധി ഉപദേശങ്ങളാണ് താരലേലത്തിന് മുമ്പ് കിട്ടിയതെന്ന് എഡ്മീഡ്‌സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണത് കഴിഞ്ഞ മെഗാ താരലേലത്തിലെ വേദനാജനകമായ കാഴ്ചയായിരുന്നു. ആരോഗ്യനില തൃപ്തികരമായെങ്കിലും ലേലനടപടികള്‍ തുടര്‍ന്ന് നിയന്ത്രിക്കാന്‍ പകരക്കാരനെ കണ്ടെത്തേണ്ടിവന്നു ബിസിസിഐക്ക്.
എഡ്മിഡ്സ് കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയ ബിസിസിഐ ലേലം കുറച്ചു സമയം നിര്‍ത്തിവെച്ചു. രണ്ട് മണിക്കൂറിനുശേഷം ലേലം തുടങ്ങിയപ്പോള്‍ ലേലത്തില്‍ അവതാരകനായി എത്തിയത് ചാരു ശര്‍മയായിരുന്നു. ദൂരദര്‍ശന്‍ മാത്രമുള്ള കാലത്തുപോലും അവതാരകനായിട്ടുള്ള ചാരു ശര്‍മ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്രമേല്‍ പരിചിതനാണെങ്കിലും ഐപിഎല്‍ ലേലം പോലെ വലിയൊരു കായിക മാമാങ്കത്തിന്റെ ലേലം നിയന്ത്രിക്കുമ്പോള്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു.
എന്നാല്‍ ആശങ്കകളെയും ആകാംക്ഷകളെയും ബൗണ്ടറി കടത്തി ചാരു ശര്‍മ ലേലത്തില്‍ അവതാരകനായി തിളങ്ങി. രണ്ടാം ദിനം അവസാന നിമിഷം എഡ്മിഡ്സ് തിരിച്ചെത്തുകയും ലേലം അവസാനിപ്പിക്കുകയും ചെയ്തു. ഇക്കുറി അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ ലേലം അവസാനിച്ചതിന്റെ ആശ്വാസത്തിലായിരുന്നു എഡ്മീഡ്‌സ്. ലേലത്തിന് മുമ്പ് നിരവധി പേരാണ് ഉപദേങ്ങളുമായി എത്തിയത് ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഉയര്‍ന്ന തുക ലഭിച്ചതില്‍ സന്തോഷം. ക്രിസ്മസിന് കുടുംബത്തോടൊപ്പം ചേരേണ്ടതിനാല്‍ കേരളത്തില്‍ അധികം സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നും എഡ്മീഡ്‌സ്.
ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ സാം കറനാണ് ലേലത്തിലെ മൂല്യമേറിയ താരം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായി 18.50 കോടിക്ക് പഞ്ചാബ് കിംഗ്‌സാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്. സാം കറനായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തുടക്കത്തില്‍ ലേലത്തില്‍ സജീവമായിരുന്നു.