റെക്കോര്‍ഡ് കിംഗ് കോലി; രോഹിത് ശര്‍മ്മയെ പിന്നിലാക്കി കുതിപ്പ്

By Web TeamFirst Published Dec 7, 2019, 10:04 AM IST
Highlights

മത്സരത്തില്‍ വിജയഇന്നിംഗ്‌സുമായി കോലി താണ്ഡവമാടിയപ്പോള്‍ ഒരു റെക്കോര്‍ഡും സ്വന്തമായി

ഹൈദരാബാദ്: ഹൈദരാബാദ് ടി20 ജയത്തിന്‍റെ മുഴുവന്‍ ക്രഡിറ്റും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കാണ്. തുടക്കത്തിലെ രോഹിത് ശര്‍മ്മയെ നഷ്ടമായ ടീം ഇന്ത്യയെ കരകയറ്റിയത് കെ എല്‍ രാഹുലിന്‍റെ ഇന്നിംഗ്‌സാണെങ്കിലും ത്രസിപ്പിക്കുന്ന ജയം കോലിയുടെ മികവിലായിരുന്നു. മാനസികമായി കീഴടക്കാനുള്ള വിന്‍ഡീസ് ബൗളര്‍മാരുടെ ശ്രമത്തെ ബാറ്റുകൊണ്ട് മറികടക്കുകയായിരുന്നു കോലി.

മത്സരത്തില്‍ വിജയഇന്നിംഗ്‌സുമായി കോലി താണ്ഡവമാടിയപ്പോള്‍ ഒരു റെക്കോര്‍ഡും സ്വന്തമായി. സഹതാരം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലിക്കുതിപ്പില്‍ തകര്‍ന്നത്. ടി20 കരിയറില്‍ കോലിയുടെ 23-ാം ഫിഫ്റ്റിക്കാണ് ഹൈദരാബാദ് സാക്ഷ്യംവഹിച്ചത്. നേരത്തെ രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍(22) എന്ന നേട്ടം. 17 അര്‍ധ സെഞ്ചുറികളുമായി ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്.

കോലി ബാറ്റ് കൊണ്ട് പടനയിച്ചപ്പോള്‍ പരമ്പരയിലെ ആദ്യ ടി20 ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. ടി20യില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന സ്‌കോര്‍(208 റണ്‍സ്) കൂടിയാണ് ഹൈദരാബാദിലെ വിജയം. രോഹിത് എട്ട് റണ്‍സില്‍ പുറത്തായപ്പോള്‍ 50 പന്തില്‍ ആറ് വീതം സിക്‌സും ബൗണ്ടറിയും സഹിതം കോലി പുറത്താകാതെ 94 റണ്‍സെടുത്തു. രാജ്യന്തര ടി20യില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇന്ത്യയുടെ വിജയശില്‍പിയായ കോലി തന്നെയാണ് കളിയിലെ താരം.

click me!