
ദില്ലി: മോശം ഫോമില്‍ തുടര്‍ന്നിട്ടും ഓപ്പണര്‍ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തിയ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ കണക്കുകള്‍ നിരത്തി തുറന്നടിച്ച മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വിദേശത്ത് കെ എല്‍ രാഹുല്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ എടുത്തുകാട്ടിയാണ് ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിനെ നിലനിര്‍ത്തിയ തീരുമാനത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ന്യായീകരിച്ചത്. എന്നാല്‍ വിദേശത്ത് രാഹുല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഓപ്പണര്‍മാരുടെ പ്രകടനത്തിന്‍റെ കണക്കുകള്‍ നിരത്തി വെങ്കിടേഷ് പ്രസാദ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ആകാശ് ചോപ്ര രാഹുലിന്‍റെ വിദേശത്തെ പ്രകടനങ്ങളുടെ കണക്കുകളുമായി രംഗത്തെത്തിയത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ (സെന) എന്നീ രാജ്യങ്ങളില്‍ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ പ്രകടനങ്ങളാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. സെന രാജ്യങ്ങളില്‍ 2020 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ശരാശരിയുള്ള കളിക്കാരന്‍ രാഹുല്‍ ആണെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവില്‍ വിദേശത്ത് കളിച്ച ഏഴ് മത്സരങ്ങളില്‍ 43.15 ബാറ്റിംഗ് ശരാശരിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആണ് ഒന്നാം സ്ഥാനത്ത്.
ഒരു മത്സരം മാത്രം കളിട്ട വാഷിംഗ്ടണ്‍ സുന്ദറിന് 42 ബാറ്റിംഗ് ശരാശരിയുണ്ട്. ഏഴ് മത്സരം കളിച്ച കെ എല്‍ രാഹുലിന് 38.64 ബാറ്റിംഗ് ശരാശരിയും രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉണ്ടെന്നും ആകാശ് ചോപ്ര കണക്കുകള്‍ നിരത്തി പറയുന്നു. വിരാട് കോലി ഏഴാമതും ചേതേശ്വര്‍ പൂജാര ആറാമതുമാണ് പട്ടികയില്‍.
അതുകൊണ്ടൊക്കെയാകും സെലക്ടര്‍മാരും കോച്ചും ക്യാപ്റ്റനും രാഹുലിനെ ടീമില്‍ നിലനിര്‍ത്തിയതെന്നും ഇക്കാലയളവില്‍ നാട്ടില്‍ രണ്ടേ രണ്ടു ടെസ്റ്റിലെ രാഹുല്‍ കളിച്ചിട്ടുള്ളുവെന്നും ആകാശ് ചോപ്ര പറയുന്നു. തനിക്ക് ബിസിസിഐയില്‍ പദവികളൊന്നും വേണ്ടെന്നും സെലക്ടറാവാനോ കോച്ചാവാനോ ഉപദേശകനാവാനോ ഐപിഎല്ലില്‍ എന്തെങ്കിലും പദവികള്‍ നേടാനാ തനിക്ക് ആഗ്രഹമില്ലെന്നും ചോപ്ര പ്രസാദിനുള്ള മറുപടിയായി പറഞ്ഞു.
ഇന്ത്യന്‍ ടീമിന്‍റെ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് നേരത്തെ പ്രസാദ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ചേതന്‍ ശര്‍മയെ തന്നെ ബിസിസിഐ നിലനിര്‍ത്തുകയായിരുന്നു. ഒളി ക്യാമറ വിവാദത്തില്‍പ്പെട്ട ചേതന്‍ ശര്‍മ രാജിവെച്ച സാഹചര്യത്തില്‍ വീണ്ടും ബിസിസിഐ സെലക്ടറാവാന്‍ പ്രസാദ് ശ്രമിക്കുമോ എന്ന് വ്യക്തമല്ല.