
ചെന്നൈ: ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി തിളങ്ങിയ പേസര്‍ ക്രിസ് വോക്സിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രായം കൂടും തോറം മികവേറുന്ന വോക്സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാവാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മറേത് ടീമിലായിരുന്നെങ്കിലും അയാള്‍ പ്ലേയിംഗ് ഇലവനിലെ ആദ്യ മൂന്ന് പേരുകാരില്‍ ഒരാളാവുമായിരുന്നുവെന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
വോക്സ് അത്രയും സ്വാഭാവികമായി പന്തെറിയുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ശരിക്കും അയാളോട് അസൂയ തോന്നുന്നു. ഓരോ മത്സരം കഴിയുന്തോറം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്ന വോക്സിനെയാണ് ആഷസില്‍ നമ്മള്‍ കണ്ടത്. എന്നിട്ടും അയാള്‍ എന്തുകൊണ്ട് ഇംഗ്ലണ്ടിന്‍റെ ആദ്യ ഇലവനില്‍ സ്ഥിരമാവുന്നില്ല എന്ന് എനിക്ക് മനസിലാവുന്നില്ല. അയാള്‍ മറ്റേതെങ്കിലും രാജ്യത്താണ് ജനിച്ചിരുന്നതെങ്കില്‍ പരിക്കുകളൊന്നും ഇല്ലെങ്കില്‍ പ്ലേയിംഗ് ഇലവനിലെ ആദ്യ മൂന്നു പേരില്‍ ഒരാളാവുമെന്ന് എനിക്കുറപ്പാണ്.
അയാള്‍ കളിക്കുന്നത് കാണുമ്പോള്‍ എനിക്ക് ശരിക്കും അസൂയ തോന്നുന്നുണ്ട്. അത്ര അനായാസമായാണ് അദ്ദേഹം പന്തെറിയുന്നത്. സ്വാഭാവിക അത്‌ലറ്റാണ് വോക്സ്. അയാള്‍ റണ്‍ അപ്പില്‍ ഓടുന്നതു കാണുമ്പോള്‍ പരിശീലനം ലഭിച്ചൊരു ഓട്ടക്കാരന്‍ ഹഡില്‍ ചാടിക്കടക്കാന്‍ ഓടുന്നതുപോലെയാണ് തോന്നുക. തന്‍റെ സ്പെല്‍ പൂര്‍ത്തിയായാലും അദ്ദേഹം വെറുതെ ഇരിക്കില്ല. അയാളുടെ റണ്ണപ്പും ബൗളിംഗും അത്രമേല്‍ സ്വാഭാവികമാണ്. അതു കണ്ടാല്‍ 'വൗ' എന്നല്ലാതെ മറ്റെന്താണ് പറയാനാകുകയെന്നും അശ്വിന്‍ ചോദിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിച്ചതോടെ 34കാരനായ വോക്സിന് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അശ്വിന്‍ പറഞ്ഞു.
'സഞ്ജുവിന്‍റെ സിക്സുകളൊക്കെ കൊള്ളാം പക്ഷെ'; തുറന്നു പറഞ്ഞ് വസീം ജാഫര്‍
2011ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയെങ്കിലും വോക്സ് ഇതുവരെ 48 ടെസ്റ്റിലും 112 ഏകദിനത്തിലും 29 ടി20 മത്സരങ്ങളിലും മാത്രമാണ് ഇംഗ്ലണ്ടിനായി കളിച്ചത്. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇല്ലാതിരുന്ന വോക്സ് അവസാന മൂന്ന് ടെസ്റ്റുകളില്‍ 18.16 ശരാശരിയില്‍ 19 വിക്കറ്റ് വീഴ്ത്തി പരമ്പരയുടെ താരമായി മാറിയിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ കളിയിലെ താരവും വോക്സ് ആയിരുന്നു.