പരിശീലകനെന്ന നിലയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം കൊയ്യാനായെന്ന് രവി ശാസ്ത്രി

By Web TeamFirst Published Sep 18, 2021, 6:14 PM IST
Highlights

ആറ് മാസം തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയശേഷം ടീം 36 റണ്‍സിന് ഓള്‍ ഔട്ടായാല്‍ വിമര്‍ശകര്‍ നിങ്ങളെ വെടിവെച്ചുകൊല്ലും. ഉടന്‍ വിജയം നേടിയില്ലെങ്കില്‍ നിങ്ങളെ അവര്‍ പച്ചയോടെ തിന്നും. ചിലപ്പോള്‍ ഒളിക്കാന്‍ വല്ല ഖനിയും തേടേണ്ടിവരുമെന്നും ശാസ്ത്രി.

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക പദവിയിൽ ലക്ഷ്യം വച്ചതിനേക്കാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് രവി ശാസ്ത്രി. ഒരേ വര്‍ഷം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര സ്വന്തമാക്കാനായത് വലിയ നേട്ടമായി. പടിയിറക്കത്തിൽ വേദനയുണ്ടെങ്കിലും, ഒരു പദവിയിലും നിശ്ചിതസമയത്തിൽ കൂടുതൽ തുടരരുത് എന്നാണ് വിശ്വാസമെന്നും ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ എല്ലാ രാജ്യങ്ങളെയും അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ നമുക്കായി. ഇനി ടി20 ലോകകപ്പ് കൂടി നേടാനായാല്‍ അത് ഇരട്ടിമധുരമാവും. അതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റില്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുക എന്നത് ഫുട്ബോളില്‍ ഇംഗ്ലണ്ടിന്‍റെയോ ബ്രസീലിന്‍റെയോ പരിശീലകനായിരിക്കുന്നതിന് തുല്യമാണ്. നിങ്ങളെപ്പോഴും തോക്കിന്‍മുനയിലായിരിക്കും.

ആറ് മാസം തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയശേഷം ടീം 36 റണ്‍സിന് ഓള്‍ ഔട്ടായാല്‍ വിമര്‍ശകര്‍ നിങ്ങലെ വെടിവെച്ചുകൊല്ലും. ഉടന്‍ വിജയം നേടിയില്ലെങ്കില്‍ നിങ്ങളെ അവര്‍ പച്ചയോടെ തിന്നും. ചിലപ്പോള്‍ ഒളിക്കാന്‍ വല്ല ഖനിയും തേടേണ്ടിവരുമെന്നും ശാസ്ത്രി പറഞ്ഞു.

വൈറ്റ് ബോള്‍ ബൗളറായിരുന്ന ജസ്പ്രീത് ബുമ്ര ടെസ്റ്റില്‍ തിളങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്തണമെങ്കില്‍ നാല് മികച്ച പേസര്‍മാര്‍ വേണമെന്ന് എനിക്കറിയാം. വെസ്റ്റ് ഇന്‍ഡീസിന്‍റെ കാലം മുതലെ അങ്ങനെയാണ്. അതുകൊണ്ടാണ് മികച്ച പേസ് നിരയെ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചത്. അതിന്‍റെ ബാഗമായാണ് ബുമ്രയെ ടെസ്റ്റില്‍ കളിപ്പിച്ചത്. ഞാനാണ് ഇക്കാര്യം കോലിയോട് ആദ്യമായി പറഞ്ഞത്. അദ്ദേഹം പിന്തുണച്ചു. പക്ഷെ അപ്പോഴും ബുമ്ര ഇന്ത്യയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ കേപ്ടൗണില്‍ ബുമ്രയെ ടെസ്റ്റില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത്.

ട്വന്‍റി 20 ഫോര്‍മാറ്റില്‍, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകള്‍ അവസാനിപ്പിക്കണമെന്നും, ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ട്വന്‍റി 20യുടെ ഭാവിയെന്നും ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് ബാധിതനായ ശാസ്ത്രി, വൈകാതെ
ഇന്ത്യയിലേക്ക് മടങ്ങും. 2017ല്‍ അനില്‍ കുംബ്ലെക്ക് പകരം ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ശാസ്ത്രിയുടെ കരാര്‍ 2019ല്‍ വീണ്ടും പുതുക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!