
മുംബൈ: ടി20 ലോകകപ്പിൽ മോശം ഫോമിലൂടെ കടന്നുപോവുമ്പോഴും ഓപ്പണർ അഭിഷേക് ശർമയെ തുടർച്ചയായി അവസരങ്ങൾ നൽകി പിന്തുണച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഭിഷേക് ശർമ്മ ഇന്ത്യക്കായി ലോകകപ്പ് നേടിത്തരാൻ ശേഷിയുള്ള കളിക്കാരനാണെന്ന് താൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ വെളിപ്പെടുത്തി.
ലോകകപ്പിലെ തുടക്ക മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. എന്നാൽ ന്യൂസിലൻഡിനെതിരായ ഫൈനലിൽ അഭിഷേക് തകർപ്പൻ ഇന്നിങ്സാണ് പുറത്തെടുത്തത്. 21 പന്തിൽ നിന്ന് 247.62 സ്ട്രൈക്ക് റേറ്റിൽ 52 റൺസ് അടിച്ചെടുത്ത അഭിഷേക്, ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 2024-ൽ ഞാൻ ക്യാപ്റ്റനായപ്പോൾ ആദ്യമായി അവനെ കണ്ട നിമിഷം തന്നെ എനിക്ക് മനസിലായി, ഇവൻ എനിക്ക് ലോകകപ്പ് നേടിത്തരുന്ന താരമാണെന്ന്. വർഷം മുഴുവൻ അവൻ കളിച്ച രീതിയും പവർപ്ലേയിൽ തന്നെ കളി ജയിപ്പിക്കുന്ന ശൈലിയും എന്നെ ഏറെ ആകർഷിച്ചു. അങ്ങനെയൊരു താരത്തെയായിരുന്നു എനിക്ക് ആവശ്യം- സൂര്യകുമാർ പറഞ്ഞു.
മോശം ഫോമിലൂടെ കടന്നുപോയപ്പോഴും സ്വാഭാവിക ശൈലിയിൽ തന്നെ കളിക്കാൻ താൻ അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ അവൻ ബുദ്ധിമുട്ടിയെങ്കിലും ഞാനോ കോച്ചോ അവനോട് ഒന്നും സംസാരിച്ചില്ല. 6 ഓവർ ക്രീസിൽ നിന്നാൽ അവന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഫൈനലിന് തൊട്ടുമുമ്പ് 'ഭായി, ഞാൻ നിങ്ങൾക്കായി ഇത് ചെയ്യും' എന്ന് അവൻ പറഞ്ഞു. യാതൊരു സമ്മർദ്ദവുമില്ലാതെ നിന്‍റെ സ്വന്തം ശൈലിയിൽ കളിക്കാൻ ഞാൻ അവന് പൂർണ സ്വാതന്ത്ര്യം നൽകുകയായിരുന്നു സൂര്യകുമാർ കൂട്ടിച്ചേർത്തു.
ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 255/5 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. സഞ്ജു സാംസൺ (46 പന്തിൽ 89), ഇഷാൻ കിഷൻ (25 പന്തിൽ 54) എന്നിവരും ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ 19 ഓവറിൽ 159 റൺസിന് പുറത്താക്കി ജസ്പ്രീത് ബുംറ (4 വിക്കറ്റ്) ഇന്ത്യക്ക് വിജയവും കിരീടവും സമ്മാനിച്ചു.
സൂപ്പർ 8 ഘട്ടത്തിൽ അഹമ്മദാബാദിൽ വെച്ച് ദക്ഷിണാഫ്രിക്കയോടേറ്റ 76 റൺസിന്‍റെ തോൽവിയാണ് ടീമിന്‍റെ വഴിത്തിരിവെന്ന് സൂര്യകുമാർ ചൂണ്ടിക്കാട്ടി. ആ തോൽവിക്ക് ശേഷമാണ് കളിക്കാരെല്ലാം കൂടുതൽ ഉണർന്നുപ്രവർത്തിച്ചതെന്നും, പുരുഷ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ ചരിത്രം കുറിച്ചതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!