മത്സരവേദിയിലെയും താമസസ്ഥലത്തെയും ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താൻ ബിസിസിഐ ഉടൻ തന്നെ ഒരു നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും.
മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിനായുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാം നിര ടീമിനെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. സെപ്റ്റംബർ 19-നാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെ വനിതാ ക്രിക്കറ്റ് മത്സരങ്ങളും സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ പുരുഷ ടീമിന്‍റെ മത്സരങ്ങളും നടക്കും.
മത്സരവേദിയിലെയും താമസസ്ഥലത്തെയും ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താൻ ബിസിസിഐ ഉടൻ തന്നെ ഒരു നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിനെ തീരുമാനിക്കുക. ഡ്രസ്സിങ് റൂമുകൾ ടെന്‍റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതും അതിൽ നിന്നും ഏകദേശം 500 മീറ്റർ അകലെ മാത്രമാണ് വാഷ്‌റൂം സൗകര്യമുള്ളത് എന്നതും ബിസിസിഐ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കളിക്കാർക്ക് നൽകിയിരിക്കുന്ന ഹോട്ടൽ മുറികൾ വളരെ ചെറുതാണെന്നും കിറ്റ് ബാഗുകൾ വെച്ചാൽ നടക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏഷ്യൻ ഗെയിംസിന് രണ്ടാം നിര ടീമിനെ അയക്കാൻ ബോർഡ് തീരുമാനിച്ചാൽ മലയാളി താരം സഞ്ജു സാംസണിന്‍റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ ഏഷ്യൻ ഗെയിംസിനുള്ള പ്രധാന ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാൽ സഞ്ജുവിനും പുറത്തിരിക്കേണ്ടി വന്നേക്കും. അതേസമയം, അടുത്ത ആഴ്ച ചെന്നൈയിലെത്തുന്ന സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ പരിശീലനം നടത്തും. വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കഠിനാധ്വാനം ചെയ്യുകയാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.
2023-ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. മഴ കാരണം ഉപേക്ഷിച്ച പുരുഷ വിഭാഗം ഫൈനലിൽ മികച്ച സീഡിംഗിന്റെ ബലത്തിലാണ് ഇന്ത്യ അന്ന് അഫ്ഗാനിസ്ഥാനെ മറികടന്ന് സ്വർണം സ്വന്തമാക്കിയത്. നേരത്തെ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, തിലക് വർമ്മ, അഭിഷേക് ശർമ്മ, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖരടങ്ങിയ ശക്തമായ പുരുഷ ടീമിനെയും ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ശക്തമായ വനിതാ ടീമിനെയുമായിരുന്നു ഇന്ത്യ ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സൗകര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ ഈ പ്രമുഖ താരങ്ങൾക്ക് പകരം ബി ടീമിനെ അയക്കാനാണ് നിലവിലെ നീക്കം.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.
