ധോണി ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ വിരമിക്കാനൊരുങ്ങി, മനസുമാറ്റിയത് സച്ചിന്‍, തുറന്നുപറഞ്ഞ് സെവാഗ്

Published : Jun 01, 2022, 01:07 PM IST
ധോണി ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ വിരമിക്കാനൊരുങ്ങി, മനസുമാറ്റിയത് സച്ചിന്‍, തുറന്നുപറഞ്ഞ് സെവാഗ്

Synopsis

2008ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് എന്നെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയത്. അന്ന് ആദ്യം എന്‍റെ മനസില്‍ വന്നത് വിരമിക്കലിനെക്കുറിച്ചുള്ള ചിന്തകളാണ്. അതിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവ് നടത്തി ഞാന്‍ 150 റണ്‍സടിച്ചിരുന്നു.

ദില്ലി: എം എസ് ധോണി(MS Dhoni) ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് 2008ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനിരുന്നതാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). അന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്(Sachin Tendulkar) തന്‍റെ മനസ് മാറ്റിയതെന്നും ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.

2008ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് എന്നെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയത്. അന്ന് ആദ്യം എന്‍റെ മനസില്‍ വന്നത് വിരമിക്കലിനെക്കുറിച്ചുള്ള ചിന്തകളാണ്. അതിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവ് നടത്തി ഞാന്‍ 150 റണ്‍സടിച്ചിരുന്നു. എന്നാല്‍ മൂന്നോ നാലോ ഏകദിനങ്ങളില്‍ തുടര്‍ച്ചയായി എനിക്ക് സ്കോര്‍ ചെയ്യാനായില്ല. അതുകൊണ്ട് ധോണി എന്നെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി. ആ സമയത്താണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം തുടരാമെന്നും ഞാന്‍ ആലോചിച്ചു. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് എന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ഇത് കരിയറിലെ മോശം സയമമാണെന്നും കുറച്ചു സമയം കൂടി കാത്തിരിക്കാനും നാട്ടില്‍ തിരിച്ചെത്തിയശേഷം നല്ലപോലെ ആലോചിച്ചശേഷം മാത്രം തീരുമാനം എടുക്കാനും സച്ചിന്‍ ഉപദേശിച്ചു.

ഭാഗ്യത്തിന് അന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ല. ഏകദിനങ്ങളില്‍ ഇന്ത്യക്കായി തുടര്‍ന്നും കളിച്ച സെവാഗ് സച്ചിന് ശേഷം ഏകദിനങ്ങളില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി. ഇന്ത്യക്കായി 2011ലെ ഏകദിന ലോകകപ്പ് വിജയത്തില്‍ പങ്കാളിയായി.വിരാട് കോലി ഫോം വീണ്ടെടുക്കാനായി കരിയറില്‍ ബ്രേക്ക് എടുക്കണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് താന്‍ വിരമിക്കാനിരുന്ന കാര്യം സെവാഗ് തുറന്നു പറഞ്ഞത്.

കരിയറില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന കളിക്കാരുണ്ടെന്നും അവര്‍ മോശം ഫോമിനെയും വിമര്‍ശനങ്ങളെയും തമാശയായിട്ടെ കാണൂവെന്നും ഗ്രൗണ്ടില്‍ റണ്‍സടിച്ചുകൂട്ടി മറുപടി നല്‍കാനെ അവര്‍ ശ്രമിക്കൂവെന്നും കോലി അത്തരമൊരു കളിക്കാരനാണെന്നും സെവാഗ് പറഞ്ഞു. എന്നാല്‍ മറ്റ് ചില കളിക്കാര്‍ ചുറ്റുമുള്ള വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കുകയും അതിന് അനുസരിച്ച് അവരുടെ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്യുമെന്നും സെവാഗ് വ്യക്തമാക്കി. വിമര്‍ശനങ്ങളെ കാര്യമാക്കാത്ത കളിക്കാരനായിരുന്നു താനെന്നും പരമാവധി മത്സരങ്ങളില്‍ കളിക്കുകയും റണ്‍സടിച്ചുകൂട്ടകയും മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും സെവാഗ് പറഞ്ഞു.

2008ല്‍  നടന്ന ഓസ്ട്രേലിയക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ സെവാഗ് 6, 33, 11, 14  എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. തുടര്‍ന്നാണ് സെവാഗിനെ ധോണി പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയത്. ഒരു മത്സരത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയെങ്കിലും ആ മത്സരത്തില്‍ 14 റണ്‍സ് മാത്രമെടുത്ത് സെവാഗ് പുറത്തായി. ത്രിരാഷ്ട്ര പരമ്പരയിലെ ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ ഓസീസിനെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. എന്നാല്‍ സെവാഗ് ഫൈനലില്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര