അന്ന് ഞാനുമത് ചെയ്തു, പക്ഷെ ഗാംഗുലിയെ മാത്രമാണ് എല്ലാവരും കണ്ടത്; യുവരാജ് സിംഗ്

By Web TeamFirst Published Apr 20, 2020, 10:32 AM IST
Highlights

ദാദയെപ്പോലെ ഞാനും എന്റെ ജേഴ്സിയൂരി വീശിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ കടുത്ത തണുപ്പ് കാരണം ജേഴ്സിക്കടിയില്‍ ഞാനൊരു വെള്ള ടീ ഷര്‍ട്ടിട്ടിരുന്നു. അതുകൊണ്ടുതന്നെ എന്റെ ജേഴ്സിയൂരല്‍ ഭാഗ്യത്തിന് ആരുടെയും കണ്ണില്‍പ്പെട്ടില്ല.

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ വിജയങ്ങളിലൊന്നായിരുന്നു ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഐതിഹാസിക ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് സച്ചിനെയും സെവാഗിനെയും ഗാഗുലിയെയും എല്ലാം നഷ്ടമായെങ്കിലും യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്ന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. ആ വിജയത്തിനുശേഷം ലോര്‍ഡ്സിന്റെ ബാല്‍ക്കണിയില്‍ ഇംഗ്ലീഷുകാര്‍ക്കുനേരെ ജേഴ്സിയൂരി വീശിയ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ചിത്രം പിന്നീല്‍ വര്‍ഷങ്ങളോളം ആരാധക മനസില്‍ ഇംഗ്ലീഷ് അഹന്തക്കുള്ള ഇന്ത്യന്‍ മറുപടിയുടെ മായാത്ത ഓര്‍മയായി.

എന്നാല്‍ അന്ന് ഗാംഗുലി മാത്രമായിരുന്നില്ല അത്തരത്തില്‍ ജേഴ്സിയൂരി വീശി വിജയം ആഘോഷിച്ചത്. അക്കൂട്ടത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് യുവരാജ് സിംഗ്. ദാദയെപ്പോലെ ഞാനും എന്റെ ജേഴ്സിയൂരി വീശിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ കടുത്ത തണുപ്പ് കാരണം ജേഴ്സിക്കടിയില്‍ ഞാനൊരു വെള്ള ടീ ഷര്‍ട്ടിട്ടിരുന്നു. അതുകൊണ്ടുതന്നെ എന്റെ ജേഴ്സിയൂരല്‍ ഭാഗ്യത്തിന് ആരുടെയും കണ്ണില്‍പ്പെട്ടില്ല.

മത്സരത്തില്‍ 63 പന്തില്‍ 69 റണ്‍സെടുത്താണ് യുവരാജ് പുറത്തായത്. അല്‍പം കൂടി ബുദ്ധി അന്നുണ്ടായിരുന്നെങ്കില്‍ ആ കളിയില്‍ തനിക്ക് സെഞ്ചുറി അടിക്കാമായിരുന്നുവെന്നും യുവി പറഞ്ഞു. ആറാം വിക്കറ്റില്‍ മുഹമ്മദ് കൈഫുമൊത്ത് 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് യുവി ഉയര്‍ത്തിയത്.ആ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 325 റണ്‍സടിച്ചപ്പോഴെ ഞ‌ങ്ങള്‍ തളര്‍ന്നിരുന്നു. അതിന് മുമ്പ് കളിച്ച 10ല്‍ ഒമ്പത് ഫൈനലും നമ്മള്‍ തോറ്റിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ സച്ചിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇംഗ്ലണ്ട് വിജയം ആഘോഷിക്കാന്‍ തുടങ്ങി.

Also Read: ടി20 ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റിനെ കുറിച്ച് പലര്‍ക്കും സംശയമായിരുന്നു; തുറന്നുപറഞ്ഞ് യുവരാജ്

പിന്നാലെ ഗാംഗുലിയും സെവാഗുമെല്ലാം വീണു. എന്നാല്‍ കൈഫിന് കൂട്ടായി ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പറഞ്ഞത്, നമുക്ക് നോക്കാം എന്നായിരുന്നു. അണ്ടര്‍ 19 കാലം മുതല്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ വിക്കറ്റിനിടയില്‍ അതിവേഗം പരസ്പര ധാരണയോടെ ഞങ്ങള്‍ക്ക് ഓടാനായി. കൂട്ടത്തില്‍ ഞാനായിരുന്നു കുറച്ചുകൂടി അക്രമണോത്സുകന്‍. ഞാന്‍ പുറത്തായശേഷം കൈഫ് ആക്രമണം ഏറ്റെടുത്തു. അതെന്റെയും കൈഫിന്റെയും കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളായിരുന്നു. തനിക്കന്ന് അല്‍പം കൂടി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ സെഞ്ചുറി അടിക്കാമായിരുന്നുവെന്നും യുവി ചാറ്റ് ഷോയില്‍ പറഞ്ഞു.

click me!