അന്ന് വിവിധ ടീമുകളിലെ താരങ്ങള്‍ ബാറ്റിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതായി യുവരാജ് പറഞ്ഞു. സ്‌പോര്‍ട്‌സ് ടക്കിനു നല്‍കിയ അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. 

ദില്ലി: സംഭവബഹുലമായിരുന്നു 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പ്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് നേടിയ ആറ് സിക്‌സുകള്‍ ക്രിക്കറ്റ് ലോകം ഇന്നും മറക്കാനിടയില്ല. എന്നാല്‍ ആ പ്രകടനത്തിന് ശേഷം സംഭവിച്ച രസകരമായ ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് യുവരാജ്.

അന്ന് വിവിധ ടീമുകളിലെ താരങ്ങള്‍ ബാറ്റിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതായി യുവരാജ് പറഞ്ഞു. സ്‌പോര്‍ട്‌സ് ടക്കിനു നല്‍കിയ അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം തുടര്‍ന്നു... ''അന്നത്തെ ഓസീസ് ടീമിന്റെ പരിശീലകന്‍ ജോണ്‍ ബുക്കനാന്‍ അടുത്തുവന്ന് ബാറ്റിനു പിന്നില്‍ ഫൈബര്‍ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പിന്നീട് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം കൂടി. മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോ എന്നും അന്വേഷിച്ചു. 

ഞാന്‍ ബാറ്റ് പരിശോധിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഓസീസ് വിക്കറ്റ് കീപ്പറായ ആഡം ഗില്‍ക്രിസ്റ്റും ബാറ്റിനെ കുറിച്ച് സംസാരിച്ചു. എവിടെനിന്നാണ് ഇന്ത്യന്‍ താരങ്ങളുടെ ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചു. താരങ്ങള്‍ക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചു.'' യുവരാജ് വെളിപ്പെടുത്തി.