'കൂടുതല്‍ അവസരം നല്‍കണം'; ടീം തെരഞ്ഞെടുപ്പില്‍ കോലിക്കെതിരെ തുറന്നടിച്ച് ഗാംഗുലി

By Web TeamFirst Published Sep 18, 2019, 7:59 PM IST
Highlights

താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ വിരാട് കോലി കുറച്ചുകൂടി സ്ഥിരത കാട്ടണമെന്ന് തുറന്നടിച്ച് ദാദ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് തുടക്കമിട്ടുകഴിഞ്ഞു ടീം ഇന്ത്യ. എന്നാല്‍ ടീം തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ നയങ്ങളോട് രൂക്ഷ വിമര്‍ശനമാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കുള്ളത്. കരീബിയന്‍ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരെ പ്ലെയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. 

താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ വിരാട് കോലി കുറച്ചുകൂടി സ്ഥിരത കാട്ടണം. കൂടുതല്‍ അവസരങ്ങള്‍ താരങ്ങള്‍ക്ക് നല്‍കണം. ആത്മവിശ്വാസവും, താളവും കണ്ടെത്താന്‍ താരങ്ങള്‍ക്ക് അത് ഉപകരിക്കും. വിന്‍ഡീസിനെതിരെ ശ്രേയസ് അയ്യര്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്നത് കണ്ടു. ഏറെ താരങ്ങളുടെ കാര്യത്തില്‍ അത് സംഭവിക്കേണ്ടതുണ്ട്. കോലി അതിനുള്ള അവസരമൊരുക്കും എന്നുറപ്പാണ്. 

ഓസീസില്‍ അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയിട്ടും കുല്‍ദീപിനെ വിന്‍ഡീസിനെതിരെ പുറത്തിരുത്തിയത് അമ്പരപ്പിച്ചു. ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി തുടങ്ങിയ താരങ്ങള്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ് എന്നും ഗാംഗുലി പറഞ്ഞു. 

click me!