
മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ജോലി ഭാരത്തിന്‍റെ പേരില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിച്ചതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് സെലക്ടറും ഇന്ത്യൻ നായകനുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍. താനായിരുന്നു ചീഫ് സെലക്ടറെങ്കില്‍ ജസ്പ്രീത് ബുമ്രയെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കാതെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിലും കളിപ്പിക്കുമായിരുന്നുവെന്ന് വെംഗ്സര്‍ക്കാര്‍ പറഞ്ഞു. ഞാനായിരുന്നു ചീഫ് സെലക്ടറെങ്കില്‍ മുംബൈ ഇന്ത്യൻസ് ഉടമ മുകേഷ് അംബാനിയോട് ബുമ്രയെ ഐപിഎല്ലില്‍ കളിപ്പിക്കരുതെന്ന് തുറന്നു പറയുമായിരുന്നു. ഐപിഎല്ലിനെക്കാള്‍ പ്രധാനം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണെന്നും അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ നിന്ന് ബുമ്രയെ പൂർണമായും ഒഴിവാക്കുകയോ പ്രധാന മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുമായിരുന്നു. അവരതിന് സമ്മതിക്കുമായിരുന്നുവെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.
ഐപിഎല്ലില്‍ നേടിയ റണ്ണുകളും വിക്കറ്റുകളുമൊക്കെ ആരാണ് ഓര്‍ത്തിരിക്കുക. അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മുഹമ്മദ് സിറാജ് പുറത്തെടുത്ത വീറുറ്റ ബൗളിംഗ് പ്രകടനവും ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും റിഷഭ് പന്തുമെല്ലാം പുറത്തെടുത്ത ബാറ്റിംഗ് മികവും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ ഓള്‍ റൗണ്ട് പ്രകടനവുമെല്ലാം ആരാധകര്‍ തലമുറകളോളം ഓര്‍ക്കും.
പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ബുമ്ര കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്ക് നേടാനാവുമായിരുന്നുവെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ചതില്‍ ബുമ്രയെ മാത്രം കുറ്റപ്പെടുത്താനാവില്ല. പുറത്തേറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് ബുമ്ര തിരിച്ചെത്തിയിട്ടേയുള്ളു. അതുകൊണ്ട് തന്നെ രാജ്യത്തോടുള്ള അവന്‍രെ പ്രതിബദ്ധദതയെ ചോദ്യം ചെയ്യാനാവില്ല. ഇന്ത്യക്കായി കളിക്കുമ്പോള്‍ തന്‍റെ പരമാവധി നല്‍കാന്‍ അവന്‍ ശ്രമിക്കാറുണ്ട്. മതിയായ വിശ്രമം എടുത്ത് ഇന്ത്യയുടെ ഭാവി പരമ്പരകള്‍ക്കായി ബുമ്ര തിരിച്ചെത്തുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റെടുത്ത ബുമ്ര രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിരുന്നു. എന്നാല്‍ പരമ്പരയില്‍ ബുമ്ര കളിച്ച രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റപ്പോള്‍ ബുമ്ര കളിക്കാതിരുന്ന രണ്ടാം ടെസ്റ്റിലും അഞ്ചാം ടെസ്റ്റിലുമാണ് ഇന്ത്യ ജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക