മാസവരുമാനം ബിസിസിഐ നല്‍കുന്ന 30000 രൂപ പെന്‍ഷന്‍ മാത്രം, ഒരു ജോലി വേണമെന്ന് വിനോദ് കാംബ്ലി

By Gopala krishnanFirst Published Aug 18, 2022, 10:29 PM IST
Highlights

ഈ ഘട്ടത്തില്‍ തന്നെ സഹായിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കഴിയും. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുമ്പും എന്നെ സഹായിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചുമതല ഏല്‍പ്പിക്കുകയാണെങ്കില്‍ തനിക്കത് വലിയ ഉപകാരമായിരിക്കുമെന്നും കാംബ്ലി പറഞ്ഞു.

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് തനിക്ക് എന്തെങ്കിലും ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ബിസിസിഐ മുന്‍ കളിക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷനായ 30000 രൂപ മാത്രമാണ് തന്‍റെ ആകെ വരുമാനമെന്നും ഇതുകൊണ്ട് കുടുംബ ചെലവുകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും 'മിഡ് ഡേ' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞു.

ഞാന്‍ വിരമിച്ച കളിക്കാരനാണ്. എല്ലാ മാസവും ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ തുകയാണ് ആകെയുള്ള വരുമാനം. അതില്‍ എനിക്ക് ബിസിസിഐയോട് നന്ദിയും കടപ്പാടുമുണ്ട്. കാരണം, ആ പണം കൊണ്ടാണ് ഞാനിപ്പോള്‍ എന്‍റെ കുടുംബത്തെ നോക്കുന്നത്. എന്നാല്‍ ഓരോ ദിവസവും ജിവിതച്ചെലവുയരുന്ന മുംബൈ പോലുള്ള മഹാനഗരത്തില്‍ ഈ തുക കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ലെന്നും കാംബ്ലി പറ‌‌ഞ്ഞു.

ഈ ഘട്ടത്തില്‍ തന്നെ സഹായിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കഴിയും. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുമ്പും എന്നെ സഹായിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും ചുമതല ഏല്‍പ്പിക്കുകയാണെങ്കില്‍ തനിക്കത് വലിയ ഉപകാരമായിരിക്കുമെന്നും കാംബ്ലി പറഞ്ഞു.

സച്ചിന് എല്ലാം അറിയാം, പക്ഷേ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല! സാമ്പത്തികാവസ്ഥയെ കുറിച്ച് വിനോദ് കാംബ്ലി

എനിക്കൊരു ജോലി വേണം. യുവതാരങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയും. അമോല്‍ മജൂംദാറിനെ മുംബൈ പരിശീലകനായി നിലനിര്‍ത്തിയെന്ന് ഞാനറിഞ്ഞു. പക്ഷെ എന്നെ ആവശ്യമുണ്ടെങ്കില്‍ വരാന്‍ ഞാന്‍ തയാറാണ്. ഞാനും അമോല്‍ മജൂംദാറും ഒരുമിച്ച് കളിച്ചവരും സുഹൃത്തുക്കളുമാണ്. ഞങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവും. മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഞാനൊരു സഹായമാണ് ചോദിക്കുന്നത്. ക്രിക്കറ്റ് ഇപ്രൂവ്‌മെന്‍റ് കമ്മിറ്റിയില്‍ അവര്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് പ്രതിഫലമില്ലാത്ത വെറും ഓണററി പദവിയാണെന്നും കാംബ്ലി പറഞ്ഞു.

ഞാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നേരിട്ട് പോയി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വരാം എന്ന് പലതവണ പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ വാങ്കഡെയിലായാലും മറ്റ് എവിടെയായാലും ശരി. ഞാന്‍ വരാന്‍ തയാറാണ്-കാംബ്ലി പറഞ്ഞു. തന്‍റെ സാമ്പത്തികാവസ്ഥ അടുത്ത സുഹൃത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അറിയാമെന്നും എന്നാല്‍ താന്‍ സച്ചിനോട് സഹായം ചോദിക്കില്ലെന്നും കാംബ്ലി ഇന്നലെ പറഞ്ഞിരുന്നു.

ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഉള്‍പ്പെടെ 1084 റണ്‍സടിച്ച കാംബ്ലി 104 ഏകദിനങ്ങളില്‍ നിന്ന് 2477 റണ്‍സും നേടി.

click me!