Latest Videos

ഇയാന്‍ ബെല്ലിന്റെ പ്രവചനം പാടെ തെറ്റി; അല്ല, റിഷഭ് പന്ത് തെറ്റിച്ചു

By Web TeamFirst Published Feb 9, 2021, 10:50 AM IST
Highlights

പന്തിന് പുറമെ രോഹിത് ശര്‍മ (12), വിശ്വസ്ഥനായ ചേതേശ്വര്‍ പൂജാര (15), ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (0) എന്നിവരാണ് പുറത്തായത്. നിലവില്‍ വിരാട് കോലി- വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യമാണ് ക്രീസിലുള്ളത്.

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുംമുമ്പ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍ പന്തിനെ കുറിച്ച് സംസാരിച്ചിരുന്നു. അഞ്ചാംദിനം ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് റിഷഭ് പന്തിനെ ആയിരിക്കുമെന്നായിരുന്നു ബെല്ലിന്റെ പക്ഷം. ബെല്‍ ഇങ്ങനെ പറയാനുണ്ടായ കാരണം അദ്ദേഹത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് കഴിവ് തന്നെയാണ്. 

പന്തിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് ഇംഗ്ലണ്ടിനെ വലയ്ക്കുമെന്നാണ് ബെല്ലിന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ചേതേശ്വര്‍ പൂജാര ഏത് രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്ന് നമ്മള്‍ കാണുന്നുണ്ട്. അയാള്‍ അയാളുടേതായ രീതിയുണ്ട്. പന്തിന് മറ്റൊരു രീതി. ആക്രമണോത്സുക ക്രിക്കറ്റാണ് പന്ത് പുറത്തെടുക്കുന്നത്. അത്ഭുതമാണ് പന്തിന്റെ കളി കാണുമ്പോള്‍. ഇങ്ങനേയും ടെസ്റ്റ് കളിക്കാമെന്ന് ചിന്തിച്ച് പോവും.

പന്ത് ക്രീസിലെത്തുമ്പോള്‍ എന്ത് ചെയ്യണമെന്നായിരിക്കും ജാക്ക് ലീച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പന്തിനെതിരെ അദ്ദേഹം കൂടുതല്‍ ഓവറുകള്‍ എറിയുമോ എന്ന് കണ്ടറിയണം. ഈ പരമ്പരയില്‍ അത് കാണില്ലെന്നാണ് എനിക്ക് തോന്നുന്നത്. ക്രീസിലെത്തുമ്പോള്‍ ഒരു യുവതാരത്തിന്  ഏത് രീതിയില്‍ മുന്നോട്ട് പോകണമെന്ന കൃത്യമായ ബോധ്യമുണ്ടായിരിക്കണം. പന്തിന് ആക്രമിച്ച് കളിക്കുക എന്ന ചിന്താഗതിയാണുള്ളത്. അവന്റെ മനസില്‍ വ്യക്തമായ ഒരു പ്ലാനുണ്ട്. ഒരു യുവതാരത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണവും അതുതന്നെയാണ്.'' ബെല്‍ പറഞ്ഞുനിര്‍ത്തി.

എന്നാല്‍ ബെല്ലിന്റെ പ്രവചനം പാടെ തെറ്റി. ആദ്യ ഇന്നിങ്‌സിലെ പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിച്ചില്ല. 11 റണ്‍സ് മാത്രമെടുത്ത പന്ത് ജയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ 420 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഇപ്പോള്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്്ടമായി. 

പന്തിന് പുറമെ രോഹിത് ശര്‍മ (12), വിശ്വസ്ഥനായ ചേതേശ്വര്‍ പൂജാര (15), ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (0) എന്നിവരാണ് പുറത്തായത്. നിലവില്‍ വിരാട് കോലി- വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യമാണ് ക്രീസിലുള്ളത്.
 

click me!