ഇതിനേക്കാള്‍ വലിയ പ്രശംസയില്ല; ഹാട്രിക്കില്‍ ബുമ്രയെ വാനോളം പുകഴ്‌ത്തി വിന്‍ഡീസ് മുന്‍ പേസര്‍

By Web TeamFirst Published Sep 1, 2019, 12:11 PM IST
Highlights

ഹാട്രിക്ക് നേടിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ പ്രശംസ കൊണ്ടുമൂടി വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസര്‍ ഇയാന്‍ ബിഷപ്പ്

കിംഗ്‌സ്റ്റണ്‍: കിംഗ്‌സ്റ്റണ്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഹാട്രിക്ക് നേടിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ പ്രശംസ കൊണ്ടുമൂടി വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസര്‍ ഇയാന്‍ ബിഷപ്പ്. 'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാവുന്ന പ്രതിഭയാണ് ബുമ്ര' എന്നാണ് ഇയാന്‍ ബിഷപ്പിന്‍റെ വിശേഷണം.  

Jasprit Bumrah is a once in a lifetime talent.

— Ian bishop (@irbishi)

വിന്‍ഡീസ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലാണ് ബുമ്ര സംഹാരതാണ്ഡവമാടിയത്. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.

കിംഗ്‌സ്റ്റണില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സില്‍ 416 റണ്‍സില്‍ പുറത്തായപ്പോള്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയാണ്(111 റണ്‍സ്) ഇന്ത്യയെ മികച്ച സ്‌കോറിലെത്തിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് മികച്ച പിന്തുണ നല്‍കി. നായകന്‍ വിരാട് കോലി 76ഉം മായങ്ക് അഗര്‍വാള്‍ 55ഉം റണ്‍സ് നേടി. ബുമ്ര ഹാട്രിക്കടക്കം ആറ് വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലാണ്. 

click me!