ഏകദിന ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടികയായി; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

By Web TeamFirst Published Apr 26, 2019, 3:50 PM IST
Highlights

ഈ സിസണ്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ മലിംഗയുടെ അവസാന പന്ത് നോ ബോള്‍ വിളിക്കാതിരുന്നതിനെത്തുടര്‍ന്ന് വിവാദത്തിലായതും എസ് രവിയായിരുന്നു.

ലണ്ടന്‍: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരു അമ്പയര്‍ മാത്രം. എസ് രവിയാണ് ഇത്തവണ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ഒരേയൊരു ഇന്ത്യന്‍ അമ്പയര്‍. ആകെ 16 അമ്പയര്‍മാരുടെയും ആഫ് മാച്ച് റഫറിമാരുടെയും പട്ടികയാണ് ഐസിസി ഇന്ന് പുറത്തുവിട്ടത്.

33 ടെസ്റ്റുകളിലും 42 ഏകദിനങ്ങളിലും 18 ടി20 മത്സരങ്ങളിലും എസ് രവി അമ്പയറായിരുന്നിട്ടുണ്ട്. ഐസിസി എലൈറ്റ് പാനലില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു അമ്പയര്‍ കൂടിയാണ് രവി. ഈ സിസണ്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ മലിംഗയുടെ അവസാന പന്ത് നോ ബോള്‍ വിളിക്കാതിരുന്നതിനെത്തുടര്‍ന്ന് വിവാദത്തിലായതും എസ് രവിയായിരുന്നു.

മത്സരശേഷം ബാഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെയും മുംബൈ നായകന്‍ രോഹിത് ശര്‍മയുടെയും വിമര്‍ശനത്തിന് ഇത് കാരണമാകുകയും ചെയ്തു. അവസാന പന്തില്‍ ജയത്തിലേക്ക് ഏഴു റണ്‍സ് വേണമെന്നിരിക്കെ മലിംഗ എറിഞ്ഞ നോ ബോള്‍ രവി കാണാതെ പോവുകയായിരുന്നു.

മെയ് 30ന് നടക്കുന്ന ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത് മൂന്ന് മുന്‍ ലോകകപ്പ് താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന്റെ മാച്ച് റഫറി മുന്‍ ഓസീസ് താരം ഡേവിഡ് ബൂണാണ്. അമ്പയര്‍മാരാകട്ടെ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ ധര്‍മസേനയും ഓക്സംഫോര്‍ഡുമാണ്. മൂന്നാം അമ്പയറാകട്ടെ ഓസ്ട്രേലിയന്‍ താരമായിരുന്ന പോള്‍ റീഫലാണ്.

ലോകകപ്പിനുള്ള അമ്പയര്‍മാര്‍: അലീം ദാര്‍, കുമാര്‍ ധര്‍മസേന, മറൈസ് ഇറാസ്മുസ്, ക്രിസ് ഗാഫ്നേ, ഇയാന്‍ ഗൗള്‍ഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റില്‍ബറോ, നീല്‍ ലോംഗ്, ബ്രൂസ് ഒക്സംഫോര്‍ഡ്, എസ്.രവി, പോള്‍ റീഫല്‍, റോഡ് ടക്കര്‍, ജോയല്‍ വില്‍സന്‍, മൈക്കല്‍ ഗഫ്, റുചിര പള്ളിയാഗുര്‍ഗെ, പോള്‍ വില്‍സണ്‍.

മാച്ച് റഫറിമാര്‍: ക്രിസ് ബോര്‍ഡ്, ഡേവിഡ് ബൂണ്‍, ആന്‍ഡി പൈക്രോഫ്റ്റ്, ജെഫ് ക്രോ, രഞ്ജന്‍ മദുഗല്ലെ, റിച്ചി റാച്ചാര്‍ഡ്സണ്‍.

click me!