ICC Awards 2021: ഐസിസി പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശമായി; ടെസ്റ്റ് താരമാവാന്‍ അശ്വിനും

By Web TeamFirst Published Dec 28, 2021, 4:16 PM IST
Highlights

അതേസമയം, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാകട്ടെ ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ്. 15 മത്സരങ്ങളില്‍ ആറ് സെഞ്ചുറി അടക്കം1708 റണ്‍സടിച്ച റൂട്ടിന് രണ്ട് റണ്‍സിനാണ് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെന്ന വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ റെക്കോര്‍ഡ് നഷ്ടമായത്.

ദുബായ്: ഈ വര്‍ഷത്തെ ഐസിസി പുരസ്കാരങ്ങള്‍ക്കുള്ള(ICC Awards 2021) നാമനിര്‍ദേശമായി. ടെസ്റ്റിലെ മികച്ച പുരുഷ താരമാവാനുള്ളവരുടെ(Test Player of the Year) പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍(R Ashwin) ഇടം നേടി. അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്(Joe Root), ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജയ്‌മിസണ്‍( Kyle Jamieson), ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ(Dimuth Karunaratne) എന്നിവരാണ് ടെസ്റ്റ് താരമാവാനുള്ള പട്ടികയിലുള്ളത്.

ഓസ്ട്രേലിയയിലെ പരമ്പര വിജയത്തിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിലും ബാറ്റു കൊണ്ടും പന്തുകൊണ്ടും നിര്‍ണായക സംഭാവന നല്‍കിയതാണ് അശ്വിന് ടെസ്റ്റ് താരമാവാനുള്ള പട്ടികയില്‍ ഇടം നല്‍കിയത്. ഈ വര്‍ഷം കളിച്ച എട്ടു ടെസ്റ്റുകളില്‍ 16.23 പ്രഹരശഷിയില്‍ 52 വിക്കറ്റാണ് അശ്വിന്‍ എറിഞ്ഞിട്ടത്. നാട്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പരയില്‍ 32 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ സെഞ്ചുറി അടക്കം 189 റണ്‍സും നേടിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ നടന്ന രണ്ട് മത്സര പരമ്പരയില്‍ 14 വിക്കറ്റ് വീഴ്ത്തി പരമ്പരയുടെ താരമായ അശ്വിന്‍ ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സിഡ്നി ടെസ്റ്റ് സമനിലയാക്കാന്‍ 128 പന്തുകള്‍ പ്രതിരോധിച്ചു നിന്ന് ബാറ്റിംഗിലും മികവ് കാട്ടി.

അതേസമയം, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാകട്ടെ ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ്. 15 മത്സരങ്ങളില്‍ ആറ് സെഞ്ചുറി അടക്കം1708 റണ്‍സടിച്ച റൂട്ടിന് രണ്ട് റണ്‍സിനാണ് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെന്ന വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ റെക്കോര്‍ഡ് നഷ്ടമായത്. വിവിയന്‍ റിച്ചാര്‍ഡ്സിനും പാക്കിസ്ഥാന്‍റെ മുഹമ്മദ് യൂസഫിനും ശേഷം ഒരു കലണ്ടര്‍ വര്‍ഷം 1700 റണ്‍സ് പിന്നിടുന്ന ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ബാറ്ററാണ് റൂട്ട്.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലല്‍ ന്യൂസിലന്‍ഡിന് കിരീടം സമ്മാനിച്ച മികവാണ് കെയ്ല്‍ ജയ്മിസണെ ടെസ്റ്റ് താരമാവാനുള്ള പട്ടികയില്‍ ഇടം നല്‍കിയത്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജയ്മിസണ്‍ 21 റണ്‍സും നേടി കളിയിലെ താരമായിരുന്നു.

വിദേശത്തും നാട്ടിലും ഒരു പോലെ റണ്‍സടിച്ചു കൂട്ടിയതാണ് ലങ്കന്‍ ഓപ്പണറും ടെസ്റ്റ് ടീം നായകനുമായി ദിമുത് കരുണരത്നെയെ പട്ടികയിലെത്തിച്ചത്. ഈ വര്‍ഷം കളിച്ച ഏഴ് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറി അടക്കം 69.38 ശരാശരിയില്‍ 902 റണ്‍സാണ് കരുണരത്നെ അടിച്ചെടുത്തത്.

click me!