പിന്നല്ലാ! സ്വിങ് റാണി രേണുക സിംഗ് ഐസിസി എമേര്‍ജിംഗ് താരം

By Web TeamFirst Published Jan 25, 2023, 7:38 PM IST
Highlights

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിനെ വിറപ്പിച്ചുള്ള നാല് വിക്കറ്റ് നേട്ടം ശ്രദ്ധേയമായിരുന്നു 

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ എമേര്‍ജിംഗ് വനിതാ ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ രേണുക സിംഗിന്. കഴിഞ്ഞ വര്‍ഷം 29 രാജ്യാന്തര മത്സരങ്ങളില്‍ 40 വിക്കറ്റ് രേണുക സിംഗ് സ്വന്തമാക്കി. 2022ല്‍ മികച്ച പേസും സ്വിങ്ങുമായി അമ്പരപ്പിച്ച രേണുക സിംഗ് 4.62 ഇക്കോണമിയില്‍ 18 ഏകദിന വിക്കറ്റും 6.50 ഇക്കോണമിയില്‍ 22 രാജ്യാന്തര ട്വന്‍റി 20 വിക്കറ്റുകളും നേടിയിരുന്നു. 26 വയസുകാരിയാണ് രേണുക സിംഗ്. 

ഇന്ത്യയുടെ തന്നെ യാസ്‌തിക ഭാട്ട്യ, ഓസ്ട്രേലിയന്‍ താരം ഡാര്‍സീ ബ്രൗണ്‍, ഇംഗ്ലണ്ടിന്‍റെ അലീസ് കാപ്‌സി എന്നിവരെ മറികടന്നാണ് രേണുക സിംഗ് 2022ലെ എമേര്‍ജിംഗ് താരമായത്. ഏകദിന ഫോര്‍മാറ്റില്‍ വെറും 14.88 ശരാശരിയിലാണ് രേണുക 18 വിക്കറ്റുകള്‍ പിഴുതത്. ഇതില്‍ എട്ട് വിക്കറ്റ് ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളില്‍ നിന്നായിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ ഏഴ് പേരെ പുറത്താക്കി. ഓസ്ട്രേലിയക്കെതിരെ ഏഴ് ടി20 മത്സരങ്ങളില്‍ എട്ട് വിക്കറ്റ് പേരിലാക്കി. ഇതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിനെ വിറപ്പിച്ചുള്ള നാല് വിക്കറ്റ് നേട്ടം ശ്രദ്ധേയമാണ്. അലീസ ഹീലി, മെഗ് ലാന്നിംഗ്‌, ബേത് മൂണി, തഹ്ലിയ മഗ്രാത്ത് എന്നിവരെയാണ് പുറത്താക്കിയത്. ആ മത്സരത്തില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രേണുകയുടെ നാല് വിക്കറ്റ് നേട്ടം. പിന്നാലെ ബാര്‍ബഡോസിന് എതിരായ മത്സരത്തിലും നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 

അതേസമയം ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സനാണ് പുരുഷന്‍മാരിലെ എമേര്‍ജിംഗ് താരം. ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ്, അഫ്‌ഗാനിസ്ഥാന്‍റെ ഇബ്രാഹിം സദ്രാന്‍, ന്യൂസിലന്‍ഡിന്‍റെ ഫിന്‍ അലന്‍ എന്നിവരെ മറികടന്നാണ് യാന്‍സന്‍റെ നേട്ടം. 2022ല്‍ 19.02 ശരാശരിയില്‍ 36 ടെസ്റ്റ് വിക്കറ്റും 234 റണ്‍സും രണ്ട് ഏകദിന വിക്കറ്റും ഒരു രാജ്യാന്തര ട്വന്‍റി 20 വിക്കറ്റും ഇരുപത്തിരണ്ട് വയസുകാരനായ മാര്‍ക്കോ യാന്‍സന്‍ സ്വന്തമാക്കിയിരുന്നു. 

ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത; രഞ്ജി ട്രോഫി തിരിച്ചുവരവില്‍ വിക്കറ്റുമായി രവീന്ദ്ര ജഡേജ

click me!