
ദുബായ്: കൊവിഡ് ആശങ്കക്കിടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ച് ഐസിസി. കൊവിഡ് കാലത്തേക്കുള്ള ഇടക്കാല നിയമപരിഷ്കാരത്തിനാണ് ഐസിസി അംഗീകാരം നല്‍കിയത്. മത്സരങ്ങളില്‍ കൊവിഡ് പകരക്കാരന്‍, പന്തില്‍ തുപ്പല്‍ തേക്കുന്നതിന് വിലക്ക്, ടെസ്റ്റ് പരമ്പരകളില്‍ ന്യൂട്രല്‍ അമ്പയര്‍ വേണമെന്നതില്‍ ഇളവ്, കൂടുതല്‍ ഡിആര്‍എസ് അവസരങ്ങള്‍ എന്നിവയാണ് ഐസിസി പ്രഖ്യാപിച്ച പുതിയ പരിഷ്കാരങ്ങള്‍.
തുപ്പല്‍ വിലക്ക് പ്രാബല്യത്തില്‍: പന്തിന് തിളക്കം കൂട്ടാന്‍ കളിക്കാര്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് വിലക്കണമെന്ന് അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഐസിസി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. തുപ്പല്‍ വിലക്കില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ ചില ഇളവുകള്‍ നല്‍കാന്‍ ഐസിസി അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പിന്നീട് ഇത് കര്‍ശനനമായി നടപ്പാക്കും. പന്തില്‍ തുപ്പല്‍ പുരട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ ടീമിന് രണ്ട് തവണ താക്കീത് നല്‍കും. ഇതിനുശേഷവും തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനല്‍റ്റിയായി വിധിക്കും. പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ പന്ത് വാങ്ങി വൃത്തിയാക്കിയശേഷമെ കളി തുടരാന്‍ അനുവദിക്കൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് പകരക്കാരന്‍: മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുന്നതിനൊപ്പം ഈ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ ടീമുകളെ അനുവദിക്കും. നിലവിലുള്ള കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ മാതൃകയില്‍ മാച്ച് റഫറിയുടെ അംഗീകാരത്തോടെ മാത്രെ ഇത് അനുവദിക്കൂ.
ഡിആര്‍എസിന് കൂടുതല്‍ അവസരം: യാത്രാ വിലക്കുള്ളതിനാല്‍ പരിചയസമ്പന്നരായ അമ്പയര്‍മാരുടെ അഭാവത്തില്‍ താരതമ്യേന പുതുമുഖങ്ങളായ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കേണ്ട സാഹചര്യങ്ങള്‍ വരാനിടയുണ്ട്. ഇത് കണക്കിലെടുത്ത് ടെസ്റ്റില്‍ ഓരോ ടീമിനും ഇനി മൂന്ന് ഡിആര്‍എസ് അവസരങ്ങളും ഏകദിനത്തില്‍ രണ്ട് ഡിആര്‍എസ് അവസരങ്ങളും നല്‍കും. നിലവില്‍ ഇത് യഥാക്രമം രണ്ടും ഒന്നുമാണ്.
നിഷ്പക്ഷ അമ്പയര്‍മാരില്ലെങ്കില്‍ സ്വദേശി അമ്പയര്‍: ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിഷ്‌പക്ഷ അമ്പയര്‍മാര്‍ വേണമെന്നതാണ് നിയമമെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക അമ്പയര്‍മാരെയും മാച്ച് ഒഫീഷ്യല്‍സിനെയും മത്സരം നിയന്ത്രിക്കാനായി നിയോഗിക്കാം.
ലോഗോയിലും മാറ്റം: പുതിയ സാഹചര്യത്തില്‍ ടെസ്റ്റില്‍ കളിക്കാര്‍ക്ക് ജേഴ്സിയില്‍ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തില്‍ ഒരു ലോഗോ കൂടി കൂടുതലായി പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും. നിലവില്‍ മൂന്ന് ലോഗോകള്‍ മാത്രമാണ് ടെസ്റ്റില്‍ ഒരു കളിക്കാരന്റെ ജേഴ്സിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദാമുള്ളത്. ടെസ്റ്റില്‍ ജേഴ്സിയിലെ നെഞ്ചിന്റെ ഭാഗത്ത് ലോഗോ പ്രദര്‍ശിപ്പിക്കാനാവുമായിരുന്നില്ല. ഏകദിനത്തില്‍ മാത്രാമായിരുന്നു ഇതുവരെ ഇതിന് അനുവാദമുണ്ടായിരുന്നത്. അടുത്ത ഒരുവര്‍ഷത്തേക്കായിരിക്കും ഈ മാറ്റമെന്നും ഐസിസി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!